കൊച്ചി | യുവനടിയെ പീഡിപ്പിച്ച കേസില്‍ ഉടന്‍ കീഴടങ്ങാന്‍ നടന് വിജയ് ബാബുവിനു പോലീസിന്റെ അന്ത്യശാസനം. ചോദ്യം ചെയ്യലിനു ഹാജരാകാന്‍ മേയ് 19 വരെ സമയം ആവശ്യപ്പെട്ടുകൊണ്ടുള്ള വിജയ് ബാബുവിന്റെ മറുപടി തളളിക്കൊണ്ടാണ് പോലീസിന്റെ നീക്കം. എത്രയും വേഗം കീഴടങ്ങിയില്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്നു പോലീസ് മുന്നറിയിപ്പു നല്കി.
മേയ് 18നാണ് വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നത്. ബിസിനസ് സംബന്ധമായ യാത്രകളിലാണെന്നാണ് വിജയ് ബാബു പോലീസിന്റെ നോട്ടീസിനു മറുപടി നല്‍കിയിട്ടുളളത്. നേരത്തെ വിജയ് ബാബുവിനെ പുറത്താക്കാന്‍ സാധിക്കില്ലെന്നു താര സംഘടനയായ അമ്മ വ്യക്തമാക്കിയിരുന്നു. സസ്പെന്റ് ചെയ്യാതെ നടന്റെ മാറി നില്‍ക്കാനുള്ള തീരുമാനം അംഗീകരിച്ച എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനത്തിനെതില് പ്രതിഷേധിച്ച് അച്ചടക്ക സമിതി അംഗം മാലാ പാര്‍വതി രാജിവച്ചിരുന്നു. പിന്നാലെയാണ് നിലപാട് വ്യക്തമാക്കി അമ്മ നേതൃത്വം രംഗത്തെത്തിയത്.