സൗമ്യയുടെ ആത്മഹത്യ: ജയിലില്‍ വീഴ്ചകള്‍, നടപടിയുണ്ടാകും

0

കണ്ണുര്‍: പിണറായി കൂട്ടക്കൊലക്കേസിലെ ഏക പ്രതി സൗമ്യ ജയിലില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ അധികൃതര്‍ക്കു സംഭവിച്ചതു പ്രാഥമിക വീഴ്ച. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകും.

ശിക്ഷിക്കപ്പെടുന്ന തടവുകാരെയാണ് സാധാരണഗതിയില്‍ ജയിലില്‍ ജോലിക്കു നിയോഗിക്കുന്നത്. റിമാര്‍ന്‍ഡ് തടവുകാര്‍ ആവശ്യപ്പെടുകയാണെങ്കില്‍ അവരുടെ മാനസിക നില, കേസിന്റെ സ്വഭാവും സ്ഥിതിയുമൊക്കെ പരിഗണിച്ച് ഇതനുവദിക്കാം. കൊലക്കേസ് പ്രതികളെ പുറംജോലികള്‍ക്കു നിയോഗിക്കുമ്പോള്‍ പുലര്‍ത്തേണ്ട കരുതലുകള്‍ സൗമ്യയുടെ കാര്യത്തില്‍ ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം.

തടവുകാരെ ജോലിക്കു നിയോഗിക്കുമ്പോള്‍ ഉദ്യോഗസ്ഥര്‍ ഒപ്പമുണ്ടാകണം. ജോലിക്കു പോയ സൗമ്യ മരക്കൊമ്പില്‍ തൂങ്ങി നില്‍ക്കുന്നതാണ് പിന്നീട് കണ്ടത്. കണ്ണൂര്‍ വനിതാ ജയിലില്‍ ജീവനക്കാരുടെ കാര്യമായ കുറവ് ഇല്ലാതിരിക്കെ സൗമ്യയുടെ തൂങ്ങിമരണം ഗുരുതര പിഴവുകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. രാവിലെ ആറിനാണ് ജോലിക്കായി തടവുകാരെ സെല്ലില്‍ നിന്ന് പുറത്തിറക്കിയത്. 7.30നു പ്രാതല്‍ കഴിച്ചശേഷം വീണ്ടും ജോലിക്കിറങ്ങി. 9.30 നാണു സൗമ്യയുടെ മൃതദേഹം കണ്ടെത്തിയത്. സഹതടവുകാരിയുടെ സാരിയാണ് തൂങ്ങാന്‍ ഉപയോഗിച്ചിരിക്കുന്നത്. ഇതെങ്ങനെ സൗമ്യയ്ക്കു കിട്ടിയെന്നതിലും അന്വേഷണം നടക്കുന്നുണ്ട്.

സംഭവത്തില്‍ ജയില്‍ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട് ഉത്തരമേഖലാ ഡിഐജിക്കു കൈമാറിയിട്ടുണ്ട്. സംഭവത്തില്‍ വിശദ അന്വേഷണം ഡി.ഐ.ജി ആരംഭിച്ചിട്ടുണ്ട്. അതേസമയം, ജയിലില്‍ നിന്ന് സൗമ്യയുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ തയാറായിട്ടില്ല. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കുന്ന മൃതദേഹം പോലീസ് തന്നെ സംസ്‌കരിക്കാനാണ് ആലോചിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here