ഹിന്ദു സമ്മേളനത്തിലെ വിദ്വേഷ പ്രസംഗം: പുലര്‍ച്ചെ കസ്റ്റഡിയിലെടുത്ത പി.സി. ജോര്‍ജിനു ജാമ്യം, യൂസഫലിക്കെതിരെ പറഞ്ഞത് പിന്‍വലിച്ചു

 • News Update |
  • പിണറായി വിജയന്റെ മതതീവ്രവാദം പ്രസംഗിക്കുന്നവര്‍ക്കുള്ള റംസാന്‍ സമ്മാനമാണ് അറസ്റ്റും ഈ നാടകങ്ങളുമെന്ന് പി.സി. ജോര്‍ജ് പ്രതികരിച്ചു. ഹിന്ദു സമ്മേളന വേദിയില്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, വ്യവസായി എം.എ. യൂസഫലിക്കെതിരെ പറഞ്ഞ കാര്യങ്ങള്‍ ഉദ്ദേശിച്ചതല്ല പുറത്തുവന്നതെന്നു വ്യക്തമാക്കി അദ്ദേഹം പിന്‍വലിച്ചു.
  • പി.സി. ജോര്‍ജിനു തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി ജാമ്യം അനുവദിച്ചു. മതവിദ്വേഷ പ്രസംഗം നടത്തരുത്, പോലീസിനോട് സഹകരിക്കണം, സാക്ഷിയെ സ്വാധീനിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം.
  • 153 A വകുപ്പുകള്‍ ചുമത്തി പി.സി. ജോര്‍ജിന്റെ അറസ്റ്റ് എ.ആര്‍. ക്യാമ്പില്‍ വച്ചു രേഖപ്പെടുത്തി.
  • പി.സി. ജോര്‍ജിനെ കാണാന്‍ എ.ആര്‍. ക്യാമ്പിലെത്തിയ കേന്ദ്ര സഹമന്ത്രി വി. മുരളീധരനു പോലീസ് അനുമതി നിഷേധിച്ചു. സര്‍ക്കാരിന്റെയും സി.പി.എമ്മിന്റെയും ഇരട്ടത്താപ്പിനെതിരെ രൂക്ഷമായി പൊട്ടിത്തെറിച്ച് മുരളീധരന്‍ മടങ്ങിപ്പോയി.
  • നാലാഞ്ചിറയില്‍ എത്തിയ വാഹനവ്യൂഹത്തിനു നേരെ ഡിവൈഎഫ്‌ഐയുടെ കരിങ്കൊടി പ്രതിഷേധവും ചീമുട്ടയേറും. പി.സി ജോര്‍ജിനെ എത്തിച്ച നന്ദാവനം എ.ആര്‍. ക്യാമ്പിനു മുന്നിലും ഡിവൈഎഫ്‌ഐ പി.സി. ജോര്‍ജിനെതിരെ പ്രതിഷേധിച്ചു.
  • പി.സി. ജോര്‍ജുമായി തിരുവനന്തപുരത്തേക്കു പുറപ്പെട്ട വാഹനവ്യൂഹം വട്ടപ്പാറയ്ക്കു സമീപം തടഞ്ഞ ബി.ജെ.പി. പ്രവര്‍ത്തകര്‍ അദ്ദേഹത്തിനു അഭിവാദ്യമര്‍പ്പിച്ചു. നടപടി അഭിപ്രായ സ്വാതന്ത്യത്തിനുമേലുള്ള കടന്നുകയറ്റമെന്നാണ് ബി.ജെ.പി നേതാക്കളുടെ പ്രതികരണം.

തിരുവനന്തപുരം| അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ ഉദ്ഘാടന വേദിയില്‍, മുസ്ലീം സമുദായത്തെ അവഹേളിക്കുന്ന രീതിയില്‍ പ്രസംഗിച്ച മുന്‍ എം.എല്‍.എ പി.സി. ജോര്‍ജിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഡി.ജി.പിയുടെ നിര്‍ദേശപ്രകാരം ഇന്നലെ രാത്രിയില്‍ തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് സ്‌റ്റേഷനില്‍ ഐ.പി.സി. 153 എ വകുപ്പുപ്രകാരം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഫോര്‍ട്ട് എ.സിയുടെ നേതൃത്വത്തിലുള്ള സംഘം ഈരാറ്റുപേട്ടയിലെ വീട്ടിലെത്തിയാണ് രാവിലെ 5.30 ഓടെ പി.സി. ജോര്‍ജിനെ കസ്റ്റഡിയിലെടുത്തത്. പോലീസിനൊപ്പം സ്വന്തം വാഹനത്തില്‍ പി.സി. ജോര്‍ജ് തിരുവനന്തപുരത്തേക്കു തിരിച്ചു.

 • Update |
  • സര്‍ക്കാരിന്റെ നിര്‍ബന്ധ ബുദ്ധിയാണ് വീട്ടിലെത്തി കസ്റ്റഡിയിലെടുത്ത നടപടിക്കു പിന്നിലെന്നു പി.സി. ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ് ആരോപിച്ചു. ആവശ്യപ്പെട്ടാല്‍ പോലീസിനു മുന്നില്‍ ഹാജരാകുന്ന ആളാണ് പി.സി. ജോര്‍ജ്. പറഞ്ഞതു തെറ്റോയെന്നു അദ്ദേഹവും കാലവുമാണ് വിലയിരുത്തേണ്ടത്. നിലപാടുകളില്‍ പി.സി. ജോര്‍ജ് വെള്ളം ചേര്‍ക്കാറില്ല. ആര്‍ക്കെങ്കിലും വേദനയുണ്ടായെങ്കില്‍ ക്ഷമാപണം വേണമെന്നാണ് തന്റെ നിലപാടെന്നും ഷോണ്‍ പറഞ്ഞു.

തിരുവനന്തപുരത്തെത്തിച്ചശേഷം അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് പോലീസ് കടക്കും. ഹിന്ദു മഹാസമ്മേളത്തില്‍ ജോര്‍ജിന്റെ ഉദ്ഘാടന പ്രസംഗമാണ് വിവാദമായത്. കച്ചവടം ചെയ്യുന്ന മുസ്ലീങ്ങള്‍ പാനീയങ്ങളില്‍ വന്ധ്യത വരുത്താനുള്ള മരുന്നുകള്‍ ബോധപൂര്‍വം കലര്‍ത്തുന്നു, ജനസംഖ്യ വര്‍ധിപ്പിച്ചു മുസ്ലീം രാജ്യമാക്കാന്‍ ശ്രമിക്കുന്നു, പുരോഹിതര്‍ ഭക്ഷണത്തില്‍ തുപ്പിയശേഷം വിതരണം ചെയ്യുന്നുവെന്നിങ്ങനെയായിരുന്നു പി.സി. ജോര്‍ജിന്റെ ആരോപണങ്ങള്‍.

ഇതിനെതിരെ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് അടക്കമുള്ളവര്‍ ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഡി.ജി.പി. ഫോര്‍ട്ട് പോലീസിനോട് നിര്‍ദേശിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here