പന്തീരാങ്കാവ് യു.എ.പി.എ കേസില്‍ ഹൈക്കോടതി ജാമ്യം റദ്ദാക്കിയ താഹ ഫസല്‍ കീഴടങ്ങി. കൊച്ചി എന്‍.ഐ.എ കോടതിയിൽ എത്തിയാണ് താഹ കീഴടങ്ങിയത്. ജാമ്യം റദ്ദാക്കിയ കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് താഹ പറഞ്ഞു. വീട്ടിൽ നിന്ന് എന്തൊക്കെയാണ് കണ്ടെടുത്തതെന്ന് അറിയില്ല. കുറ്റകൃത്യം ചെയ്തതതായി വിശ്വസിക്കുന്നില്ലെന്നും താഹ പറഞ്ഞു.
ഇന്നലെയാണ് താഹയുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കിയത്. താഹയോട് ഉടന്‍ കീഴടങ്ങാനും കോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ അലന് ഷുഹൈബിന്റെ ജാമ്യം തുടരുകയും ചെയ്യും. അലന് ഷുഹൈബില്‍ നിന്ന് പിടിച്ചെടുത്ത തെളിവുകള്‍ യു.എ.പി.എ ചുമത്താന്‍ പര്യാപ്തമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ജാമ്യം അനുവദിച്ച വിചാരണ കോടതി ഉത്തരവ് ചോദ്യം ചെയ്ത് എന്‍.ഐ.എ നല്കിയ അപ്പീലിലാണ് ഹൈക്കോടതി ഉത്തരവ്.
മാവോവാദി ബന്ധം ആരോപിച്ച് പിടിയിലായ പന്തീരങ്കാവ് യു.എ.പി.എ.കേസ് പ്രതികളായ അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവര്‍ക്ക് കൊച്ചിയിലെ എന്‍.ഐ.എ പ്രത്യേക കോടതിയാണ് ജാമ്യം അനുവദിച്ചത്. ഇരുവരുടെയും ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻ.ഐ.എയാണ് ഹൈക്കോടതിയില്‍ അപ്പീൽ നല്‍കിയത്.