പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് പ്രതിയാകും. മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി. ഒ. സൂരജിന്റെ മൊഴി കൂടി വന്നതോടെ, ഇബ്രാഹിം കുഞ്ഞിനെ അന്വേഷണ സംഘം കസ്റ്റടിയിലെടുത്തേക്കും. ഇതിനു മുന്നേ ഇബ്രാഹിം കുഞ്ഞിനേയും മുന്‍ റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷന്‍ എംഡിയും നിലവിലെ കെഎംആര്‍എല്‍ എംഡിയുമായ മുഹമ്മദ് ഹനീഷ് ഐഎഎസിനേയും വീണ്ടും വിശദമായി ചോദ്യം ചെയ്യും.

സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച ചില നിര്‍ണ്ണായക വിവരങ്ങളും അന്വേഷണ സംഘത്തിനു ലഭിച്ചുവെ്‌നാണ് സൂചന. ഇബ്രാഹിം കുഞ്ഞിനെതിരെ നടപടി വേണ്ടിവരുമെന്ന് വിജിലന്‍സ് സ്പീക്കറെ അറിയിച്ചതോടെയാണ് അറസ്റ്റിനുള്ള സാധ്യതകള്‍ ബലപ്പെട്ടത്. പാലാ ഉപതെരഞ്ഞെടുപ്പിന് മുമ്പ് അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഇപ്പോള്‍ അറസ്റ്റിലായ പ്രതികളുടെ ജാമ്യാപേക്ഷയില്‍ കോടതി നിലപാട് അറിഞ്ഞ ശേഷം ഇരുവരേയും വീണ്ടും ചോദ്യം ചെയ്യുന്ന കാര്യത്തില്‍ തീരുമാനം എടുക്കാനാണ് വിജിലന്‍സ് ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അന്വേഷണസംഘത്തിന്റെ യോഗത്തിലുണ്ടായ ധാരണ. കേസില്‍ വിജിലന്‍സ് രണ്ടു തവണ ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്തിട്ടുണ്ട്. അറസ്റ്റിലേക്ക് കാര്യങ്ങള്‍ നീങ്ങിയാല്‍ കേരള രാഷ്ട്രീയത്തില്‍ വലിയ കോളിളക്കമുണ്ടാകുമെന്ന തിരിച്ചറിവില്‍ പഴുതുകള്‍ അടച്ചുള്ള നീക്കമാകും വിജിലന്‍സ് നടത്തുക. ഇരുവരേയും കൂടാതെ സെക്രട്ടറിയേറ്റിലെ പൊതുമരാമത്ത് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യാനാണ് വിജിലന്‍സ് തീരുമാനം.

പാലാ ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തില്‍ അറസ്റ്റും തുടരന്വേഷണവും സര്‍ക്കാരിന് വന്‍നേട്ടമുണ്ടാകുമെന്ന വിലയിരുത്തലിലാണ് ഇടതു മുന്നണി. അറസ്റ്റ് ചെയ്യാനുള്ള തെളിവുകള്‍ ഇല്ലെന്ന നിലപാടിലാണ് മുസ്ലീം ലീഗ്. അറസ്റ്റ് പാലാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെങ്കില്‍ ജനം മറുപടി നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.യുഡിഎഫിലെ രണ്ടാം കക്ഷിയായ മുസ്ലിം ലീഗിനെ പ്രതിരോധത്തിലാക്കുന്ന നീക്കത്തിനൊടുവില്‍ കേരളരാഷ്ട്രീയത്തില്‍ എന്തുമാറ്റം സംഭവിക്കുമെന്ന കാര്യവും കണ്ടറിയണം.

LEAVE A REPLY

Please enter your comment!
Please enter your name here