കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ വിജിലന്‍സ് മുന്‍മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് അറസ്റ്റില്‍. നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് ഇബ്രാഹിംകുഞ്ഞിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. വിജിലന്‍സ് ജഡ്ജി വൈകുന്നേരത്തോടെ ആശുപത്രിയിലെത്തി ഇബ്രാഹിം കുഞ്ഞിന്റെ റിമാന്‍ഡ് നടപടികള്‍ പൂര്‍ത്തിയാക്കി. അന്വേഷണ സംഘത്തിന്റെ കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും വ്യാഴാഴ്ച്ച കോടതി പരിഗണിക്കും.

തിരുവനന്തപുരത്തുനിന്നുള്ള വിജിലന്‍സ് ഉദ്യോഗസ്ഥരുടെ സംഘം രാവിലെ ആലുവയിലുള്ള ഇബ്രാഹിം കുഞ്ഞിന്റെ വീട്ടിലെത്തിയിരുന്നു. വീട്ടിലെത്തിയപ്പോഴാണ് ഇബ്രാഹിം കുഞ്ഞ് അവിടെയില്ലെന്ന വിവരം അന്വേഷണ സംഘം മനസിലാക്കിയത്. അറസ്റ്റിനുള്ള എല്ലാ തയ്യാടെുപ്പുകളോടും കൂടിയാണ് സംഘം എത്തിയത്. ഇബ്രാഹിം കുഞ്ഞിന്റെ ഭാര്യ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വിശ്വാസം വരാതെ, വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ എത്തി വീടു പരിശോധിച്ചു. പിന്നാലെയാണ് സംഘം ആശുപത്രിയിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്.

അറസ്റ്റു ചെയ്യാനുള്ള അന്വേഷണ സംഘത്തിന്റെ നീക്കം ചോര്‍ന്നിരുന്നുവെന്നാണ് സൂചന. ചൊവ്വാഴ്ച രാവിലെവരെ ഇബ്രാഹിംകുഞ്ഞ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സജീവമായിരുന്നു. എന്നാല്‍, ഉച്ചയോടെ ആശുപത്രിയിലെത്തി ചികിത്സയില്‍ പ്രവേശിക്കുകയായിരുന്നു. അദ്ദേഹത്തെ ഐ.സിയുവിലേക്ക് മാറ്റാനിരിക്കുകയാണെന്നാണ് ബന്ധുക്കള്‍ നല്‍കുന്ന വിവരം. മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിക്കാനുള്ള നീക്കങ്ങളും ഇബ്രാഹിം കുഞ്ഞിന്റെ ഭാഗത്തുനിന്നുണ്ടായിരുന്നുവെന്നാന് പുറത്തുവരുന്ന വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here