കൊച്ചി: കേസ് അന്വേഷിച്ച ഉദ്യോസ്ഥര്‍ക്കെതിരെ വധഭീഷണി മുഴക്കിയെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ നടന്‍ ദിലീപിനെതിരെ പുതിയ കേസ്. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. ക്രൈംബ്രാഞ്ച് ബാലചന്ദ്രകുമാറിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു.

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്തതിന്റെ വിരോധത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതെന്ന് എഫ്ഐആറില്‍ പറയുന്നത്. തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് പോലീസ് സ്റ്റേഷനില്‍ 6/2022 ആയിട്ടാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഐപിസി 116, 118, 120 ബി, 506, 34 എന്നീ വകുപ്പുകളാണ് ചുമത്തിയത്. 2017 നവംബര്‍ 15ന് രാവിലെ പത്തരയ്ക്കും പന്ത്രണ്ടരയ്ക്കും ഇടയിലാണ് പ്രതികള്‍ ഗൂഢാലോചന നടത്തിയത്. ദിലീപിന്റെ ആലുവ കൊട്ടാരക്കടവിലുള്ള പത്മസരോവരം വീട്ടിലാണ് ഗൂഢാലോചന നടന്നത്. കേസിലെ ഒന്നാംപ്രതി ഗോപാലകൃഷ്ണന്‍ എന്ന ദിലീപാണ്. രണ്ടാം പ്രതി ദിലീപിന്റെ സഹോദരന്‍ അനൂപുമാണ്. ദിലീപിന്റെ ഭാര്യാസഹോദരനായ സുരാജാണ് മൂന്നാം പ്രതി. നാലാം പ്രതി അപ്പു, അഞ്ചാം പ്രതി ബാബു ചെങ്ങമനാട്, ആറാമത്തെ പ്രതി കണ്ടാല്‍ അറിയാവുന്ന ആള്‍ എന്നാണ് എഫ്ഐആറില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈഎസ്പി ബൈജു പൗലോസിന്റെ പരാതിയിലാണ് എഫ്ഐആര്‍.

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ എട്ടാം പ്രതിയാക്കി അറസ്റ്റ് ചെയ്ത വിരോധത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്തുന്നതിനുള്ള ഉദ്ദേശത്തോടെ കേസിലെ ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികള്‍ ഗൂഢാലോചന നടത്തിയെന്നാണ് എഫ്ഐആറില്‍ പറയുന്നത്. ഐജി എവി ജോര്‍ജിന്റെ വീഡിയോ യൂട്യൂബില്‍ ഫ്രീസ് ചെയ്ത് ദൃശ്യങ്ങള്‍ നോക്കി നിങ്ങള്‍ അഞ്ച് ഉദ്യോഗസ്ഥര്‍ അനുഭവിക്കാന്‍ പോവുകയാണെന്ന് ദിലീപ് പറഞ്ഞു. സോജന്‍, സുദര്‍ശന്‍, സന്ധ്യ, ബൈജു പൗലോസ്, പിന്നെ നീ എന്ന രീതിയിലാണ് ദിലീപ് ഇക്കാര്യം പറഞ്ഞതെന്നും എഫ്ഐആറില്‍ ചൂണ്ടിക്കാണിക്കുന്നു. തന്റെ ദേഹത്ത് കൈവച്ച എസ്പി കെ സുദര്‍ശന്റെ കൈവട്ടണമെന്നും ദിലീപ് പറഞ്ഞതായി എഫ്ഐആറിലുണ്ട്

ക്വട്ടേഷന്‍ പ്രകാരം അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകളുടെ സാഹചര്യത്തില്‍ മൂന്നു സംഘമായി തിരിഞ്ഞ് അന്വേഷണം ആരംഭിച്ചിരുന്നു. നടിയെ പീഡിപ്പിച്ച കേസില്‍ കോടതി നിര്‍ദേശം പാലിച്ച് അന്വേഷണം നടത്തുമെന്നു കേസന്വേഷണത്തിനു മേല്‍നോട്ടം വഹിക്കുന്ന എഡിജിപി എസ്.ശ്രീജിത്ത് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here