കണ്ണൂര്‍: പുലര്‍ച്ചെ ഒന്നര വയസുകാരനെ കടല്‍ക്കരയില്‍ കൊണ്ടുവന്നു കരിങ്കല്‍ക്കൂട്ടത്തിലേക്കു വലിച്ചെറിഞ്ഞു. ഒന്നരവയസുകാരനെ കൊലപ്പെടുത്തി തയ്യില്‍ കടപ്പുറത്ത് ഉപേക്ഷിച്ചത് സ്വന്തം അമ്മ. സംഭവത്തില്‍ കുട്ടിയുടെ മാതാവ് ശരണ്യയെ പോലീസ് അറസ്റ്റ് ചെയ്തു.

അച്ഛനോടൊപ്പം കിടന്നുറങ്ങിയ കുഞ്ഞിനെ പുലര്‍ച്ചെ രണ്ട് മണിയോടെ കടപ്പുറത്തേക്ക് പോയ ശരണ്യ കടല്‍ഭിത്തിയിലേക്ക് വലിച്ചെറിഞ്ഞു. ഈ വീഴ്ചയുടെ ആഘാതത്തിലാണ് കുഞ്ഞിന്റെ തലയ്ക്ക് പരിക്കേറ്റത്. കുഞ്ഞു കരഞ്ഞതിനെ തുടര്‍ന്ന് ശരണ്യ കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ശരണ്യയുടെ വസ്ത്രത്തില്‍ കടല്‍വെള്ളത്തിന്റേയും മണലിന്റേയും സാന്നിദ്ധ്യം കണ്ടെത്തിയതോടെയാണ് ചോദ്യം ചെയ്യല്‍ നിര്‍ണായകമായത്.

കുട്ടിയുടെ മരണകാരണം തലയ്‌ക്കേറ്റ ക്ഷതമാണെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു. ഇതേതുടര്‍ന്ന് നടത്തിയ 24 മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിലും ശാസ്ത്രീയ പരിശോധനയിലുമാണ് ശരണ്യ കുറ്റം സമ്മതിച്ചത്. കാമുകനൊപ്പം ജീവിക്കാനാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് ശരണ്യയുടെ മൊഴി.

കഴിഞ്ഞ ദിവസം രാവിലെയാണ് പ്രണവ്- ശരണ്യ ദമ്പതിമാരുടെ മകന്‍ വിയാന്റെ മൃതദേഹം തയ്യില്‍ കടപ്പുറത്തെ കരിങ്കല്‍ ഭിത്തികള്‍ക്കിടയില്‍ കണ്ടെത്തിയത്. പ്രണവും ശരണ്യയും രണ്ടുവര്‍ഷം മുമ്പാണ് പ്രണയിച്ച് വിവാഹം കഴിച്ചത്. സ്വരചേര്‍ച്ചയിലല്ലായിരുന്ന ദമ്പതികള്‍ ഞായറാഴ്ച രാത്രിയിലും വാക്കു തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here