ലൈംഗികാതിക്രമണത്തില്‍ നിന്നു രക്ഷപെടാന്‍ പെണ്‍കുട്ടി ‘സ്വാമി’യുടെ ജനനേന്ദ്രിയം മുറിച്ചു മാറ്റി, അമ്മ കസ്റ്റഡിയില്‍

0
4

തിരുവനന്തപുരം: ലൈംഗികാതിക്രമണത്തില്‍ നിന്നു രക്ഷപെടാന്‍ പെണ്‍കുട്ടി  ‘സ്വാമി’യുടെ ജനനേന്ദ്രിയം  മുറിച്ചു മാറ്റി. തിരുവനന്തപുരം പേട്ടയില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം.

കൊല്ലത്തെ പന്മന ആശ്രമത്തിലെ അന്തേവാസിയാണ് ഗംഗേശാനന്ദ തീര്‍ത്ഥപാദം എന്ന് പോലീസ് പറയുന്നു. ഗംഗാ ഗണേഷാനന്ദ തീര്‍ഥപാദ സ്വാമി എന്ന ഹരിയുടെ ജനനേന്ദ്രിയമാണ് പെണ്‍കുട്ടി അറുത്തുമാറ്റിയത്. തിരുവനന്തപുരം പേട്ടയിലുള്ള പെണ്‍കുട്ടിയുടെ വീട്ടില്‍ പൂജയ്ക്കും മറ്റുമായി ഇയാള്‍ ഇടയ്ക്കിടെ എത്താറുണ്ടായിരുന്നു.

കഴിഞ്ഞ അഞ്ച് വര്‍ഷമായി പെണ്‍കുട്ടിയുടെ കുടുംബവുമായി ഇയാള്‍ക്ക് ബന്ധമുണ്ട്. താന്‍ പ്ലസ് ടുവിന് പഠിക്കുമ്പോള്‍ മുതല്‍ ഇയാള്‍ തന്നെ ഉപദ്രവിക്കുന്നുണ്ടെന്നാണ് 23-കാരിയായ യുവതി പോലീസിന് നല്‍കിയ മൊഴി. ഗംഗേശാനന്ദ തീര്‍ത്ഥപാദം ഇന്നലെ രാത്രി വീട്ടിലെത്തുമെന്നറിഞ്ഞ യുവതി നേരത്തെ തന്നെ കത്തി കൈയില്‍ കരുതി വച്ചിരുന്നു. പിന്നീട് ഇയാള്‍ ഉപദ്രവിക്കാനെത്തിയപ്പോള്‍  ആണ് കത്തി ഉപയോഗിച്ച് ലിംഗം ഛേദിച്ചത്.

ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രാത്രി 12.39 നാണ് 54 വയസുകാരനെ ജനനേന്ദ്രിയം 90 ശതമാനവും മുറിഞ്ഞ് തൂങ്ങിയ അവസ്ഥയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്.  തിരിച്ച് തുന്നിച്ചേര്‍ക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു എങ്കിലും മൂത്രം പോകുന്നതിനും രക്തസ്രാവം നിയന്ത്രിക്കുന്നതിനുമായി പ്ലാസ്റ്റിക് സര്‍ജറി വിദഗ്ധരുടേയും യൂറോളജി വിദഗ്ധരുടേയും നേതൃത്വത്തില്‍ അടിയന്തിര ശസ്ത്രക്രിയ നടത്തി. ഹരിയുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

കുട്ടികള്‍ക്കെതിരേയുള്ള ലൈംഗിക അതിക്രമത്തിന് ഹരിക്കെതിരേ പോക്‌സോ നിയമപ്രകാരം പൊലിസ് കേസ് രജസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ യുവതിയ്ക്കെതിരെ ഇതുവരെ കേസൊന്നും പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. ആത്മരക്ഷയ്ക്കായി ചെയ്ത കൃത്യമായതിനാല്‍ യുവതിയ്‌ക്കെതിരെ ഏത് വകുപ്പ് പ്രകാരം കേസെടുക്കണമെന്ന കാര്യത്തില്‍ പോലീസിന് ആശയക്കുഴപ്പമുണ്ട്.

പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ഹരിക്ക് സൗകര്യം ഒരുക്കിയത് അമ്മയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇതിന്റെ അടിസ്ഥാനത്തില്‍ അമ്മയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പെണ്‍കുട്ടിയുടെ മൊഴി പോലീസ് വിശദമായി രേഖപ്പെടുത്തുന്നു.

അതേസമയം, ചവറ പന്മന ആശ്രമത്തിന്റെ സത് പേര്  കളങ്കപ്പെടുത്തുക എന്ന ദുരുദ്യേശത്തോടെ പ്രചരിപ്പിക്കുന്ന വാർത്ത തെറ്റാണെന്ന് പന്മന ആശ്രമം വ്യക്തമാക്കി.  ഇപ്പോൾ പ്രചരിക്കുന്ന വാർത്തയുമായി ബന്ധപ്പെട്ട വ്യക്തി എട്ട് വർഷങ്ങൾക്ക് മുമ്പ് ആശ്രമത്തിൽ താമസിച്ച് ഹരി എന്ന പേര് മാറ്റി ഗംഗേശാനന്ദ തീർത്ഥപാദർ എന്ന പേര് സ്വീകരിച്ച് പന്മന ആശ്രമത്തിന്റെ മേൽവിലാസത്തിൽ ഇലക്ഷൻ ഐഡി  നേടിയിരുന്നു. എന്നാൽ പിന്നീട് ആശ്രമത്തിൽ നിന്നും പോകുകയും കോഴഞ്ചേരി , തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളിൽ ഹോട്ടൽ ബിസിനസ് നടത്തി വരുകയായിരുന്നതായി പറയപ്പെടുന്നു. അല്ലാതെ ഈ വ്യക്തിക്ക് പന്മന ആശ്രമവുമായി മറ്റ് യാതൊരു വിധ ബന്ധവുമില്ല. ആ ശ്രമത്തിന്റെ സത് പേരിന് കളങ്കമുണ്ടാക്കുന്ന കള്ള പ്രചരണം അവസാനിപ്പിക്കണമെന്നും പന്മന ആശ്രമം മഠാധിപതി പ്രണവാനന്ദ തീർത്ഥപാതർ അറിയിച്ചു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here