കൊച്ചി: പയ്യന്നൂര്‍ സ്വദേശി ബിജു ആന്റണിയുടെ മൊബൈല്‍ ഫോണ്‍ എപ്പോഴും നിറുത്താതെ മണിയടിച്ചുകൊണ്ടിരിക്കും. ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. കഴിഞ്ഞ പത്ത് കൊല്ലത്തിലേറെയായി ഇതായിരുന്നു അവസ്ഥ. ഇടയ്ക്കിടെ പുനര്‍വിവാഹത്തിന് തയ്യാറാണെന്ന് കാട്ടി 38 കാരനായ ഇയാള്‍ നല്‍കുന്ന ക്ലാസിഫൈഡ് പരസ്യം കണ്ട് വിളിക്കുന്ന സ്ത്രീകളുടെ കോളുകളായിരുന്നു അതെല്ലാം.

കഴിഞ്ഞ ദിവസം എറണാകുളം നോര്‍ത്ത് പൊലീസും കല്‍പ്പറ്റ പൊലീസും ചേര്‍ന്ന് നടത്തിയ സംയുക്ത നീക്കത്തിനൊടുവില്‍ മാനന്തവാടിയില്‍ വച്ചാണ് സംസ്ഥാനം കണ്ട ഏറ്റവും വലിയ വിവാഹത്തട്ടിപ്പ് വീരന്റെ നോണ്‍ സ്‌റ്രോപ്പ് ലീലാവിലാസങ്ങള്‍ക്ക് ഫുള്‍ സ്‌റ്റോപ്പ് വീണത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഇരുപത്തഞ്ചിനും അറുപതിനും ഇടയില്‍ പ്രായമുള്ള അമ്പതിലേറെ സ്ത്രീകളാണ് ബിജുവിനാല്‍ സാമ്പത്തികമായും ലൈംഗികമായും ചൂഷണം ചെയ്യപ്പെട്ടത്.

പത്രത്തില്‍ പരസ്യം നല്‍കിയാണ് ബിജു ഇരകളെ കണ്ടെത്തിയിരുന്നത്. ഇരകളെ ഔദ്യോഗികമായി വിവാഹം കഴിക്കാതെതന്നെ ഇവരുടെ സ്വര്‍ണ്ണവും പണവുമായി മുങ്ങുന്നതായിരുന്നു ഇയാളുടെ രീതി. പ്രധാനമായും വടക്കന്‍ ജില്ലകള്‍ കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പുകള്‍. അറസ്റ്റിലാകുന്നതിന് തലേദിവസവും ഇയാള്‍ പത്രത്തില്‍ വിവാഹ പരസ്യം നല്‍കിയിരുന്നു. കോഴിക്കോട് സ്വദേശിനിയായ അറുപത് വയസുകാരിയേയും താന്‍ പറ്റിച്ചതായി അന്വേഷണ സംഘത്തോട് ഇയാള്‍ വെളിപ്പെടുത്തി. ഇവരില്‍ നിന്നും 25,000 രൂപ തട്ടിയെടുത്ത ശേഷം താന്‍ മുങ്ങുകയായിരുന്നുവെന്ന് ഇയാള്‍ എസ്.ഐ വിബിന്‍ദാസിനോട് കുറ്റസമ്മതം നടത്തി. തട്ടിപ്പിനിരയായി സ്വര്‍ണ്ണവും പണവും നഷ്ടമായ മലപ്പുറം സ്വദേശിനി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നോര്‍ത്ത് പൊലീസ് ഇയാള്‍ക്കായി വല വിരിച്ചത്. കഴിഞ്ഞ മാസമാണ് യുവതി ‘റഫീഖ് ‘ എന്ന് സ്വയം പരിചയപ്പെടുത്തിയ ബിജുവിനൊപ്പം പച്ചാളത്ത് വാടകയ്ക്ക് താമസമാരംഭിച്ചത്. ഒരാഴ്ച പിന്നിട്ടപ്പോള്‍ സ്വര്‍ണവും പണവുമായി മുങ്ങിയ ബിജുവിനെക്കുറിച്ച് പിന്നീട് യാതൊരു വിവരവുമുണ്ടായില്ല. ഈ കാലയളവില്‍തന്നെ കോട്ടയം സ്വദേശിനിയും അംഗപരിമിതയുമായ യുവതിയുമായി വിവാഹം ഉറപ്പിച്ച് 45,000 രൂപ കൈക്കലാക്കിയിരുന്നു. ഇതിന് പുറമേ വൈക്കം സ്വദേശിനിയുമായും ഇയാള്‍ അടുപ്പം സ്ഥാപിച്ചിരുന്നു. വൈക്കത്ത് ‘ജീവന്‍’ എന്നാണ് പരിചയപ്പെടുത്തിയിരുന്നത്.

പരസ്യം കണ്ട് വിളിക്കുന്ന യുവതികളുമായി പരിചയം സ്ഥാപിച്ചാല്‍ പിന്നെ അവരുടെ പേരിലെടുക്കുന്ന സിം കാര്‍ഡ് ഉപയോഗിച്ചാണ് അടുത്ത റൗണ്ട് ഇരകളെ തേടിയിരുന്നത്. അടുത്ത പരസ്യം നല്‍കുന്നതിനും ഇരയെ വീഴ്ത്താനും പുതിയ സിം ഉപയോഗിച്ചിരുന്നതിനാല്‍ പൊലീസിനും പ്രതിയെ കുടുക്കാന്‍ എളുപ്പമായിരുന്നില്ല. വയനാട്ടിലും ഗുണ്ടല്‍പേട്ടിലുമൊക്കെയായി മാറിമാറി താമസിച്ചിരുന്ന ബിജുവിനെ ഒടുവില്‍ കല്‍പ്പറ്റ പൊലീസിന്റെ സഹായത്തോടെയാണ് നോര്‍ത്ത് എസ്.ഐ വിബിന്‍ദാസും സംഘവും കുടുക്കിയത്. വാട്‌സ് ആപ്പിലും ആള്‍മാറാട്ടം പൊലീസിന് പിടികൊടുക്കാതിരിക്കാനായി ഫേസ്ബുക്കില്‍ നിന്ന് മുഖസാദൃശ്യമുള്ളവരുടെ ഫോട്ടോ തപ്പിയെടുത്ത് അതാണ് ബിജു സ്വന്തം വാട്‌സ്ആപ്പ് പ്രൊഫൈല്‍ ആയി ഇട്ടിരുന്നത്. കാസര്‍കോട് കുമ്പള, കണ്ണൂര്‍ ചൊക്ലി, കോഴിക്കോട് നടക്കാവ് തുടങ്ങി നിരവധി സ്‌റ്റേഷനുകളിലും ഇയാള്‍ക്കെതിരെ കേസുകളുണ്ട്. ചൊവ്വാഴ്ച കൊച്ചിയിലെത്തിച്ച ബിജുവിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ കേട്ടറിഞ്ഞ് നിരവധി പരാതികള്‍ സ്‌റ്റേഷനില്‍ എത്തുന്നുണ്ടെന്ന് എസ്.ഐ വിബിന്‍ദാസ് വെളിപ്പെടുത്തി.

കിട്ടുന്ന പണം മുഴുവന്‍ ആഡംബര ജീവിതത്തിനാണ് ഇയാള്‍ ഉപയോഗിച്ചിരുന്നത്. ഇയാളുടെ ബാങ്ക് ഇടപാടുകളെക്കുറിച്ചും സ്വര്‍ണ്ണത്തെക്കുറിച്ചും അന്വേഷണം നടത്തുമെന്നും ഇന്ന് കോടതിയില്‍ ഹാജാരാക്കി കസ്റ്റഡിയില്‍ വാങ്ങുമെന്നും എസ്.ഐ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here