കോഴിക്കോട്: 14 വര്‍ഷത്തിനിടെ ഒരേ കുടുംബത്തിലെ ആറു പേര്‍ കൊലചെയ്യപ്പെട്ട കൂടത്തായിയില്‍ അറസ്റ്റിലായ മൂന്നു പേരെയും റിമാന്‍ഡ് ചെയ്തു. കൂടുതല്‍ അറസ്റ്റുകള്‍ക്കു സാധ്യത നല്‍കി 11 പേര്‍ പോലീസ് നിരീക്ഷണത്തില്‍. ജോളിയുടെ സുഹൃത്തുക്കളായ ചിലരെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം വിളിപ്പിച്ചിട്ടുണ്ട്.

മരിച്ച റോയ് തോമസിന്റെ ഭാര്യ ജോളി ജോസഫ്, സഹായികളായ എം.എസ്. മാത്യൂ (ഷാജി), താമരശേരി തച്ചന്‍പൊയില്‍ മുളളമ്പലത്ത് പ്രജികുമാര്‍ എന്നിവരാണ് റിമാന്‍ഡിലായത്. റോയ് തോമസിന്റെ കൊലപാതകത്തില്‍ മാത്രമാണ് നിലവിലെ അറസ്റ്റ്. ഇവരുടെ കസ്റ്റഡി അപേക്ഷ ബുധനാഴ്ച പരിഗണിക്കും. അതിനിടെയാണ് കൂടുതല്‍ അറസ്റ്റിലെ സാധ്യതകള്‍ പുറത്തുവരുന്നത്. സുഹൃത്തുക്കളും ബന്ധുക്കളുമായ പലരു സഹായിച്ചിരുന്നുവെന്ന ജോളിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കൂടുതല്‍ പരിശോധനകള്‍ നടക്കുന്നത്.

ജോളിക്കു സയനൈഡ് എത്തിച്ചു നല്‍കിയത് ജ്വല്ലറി ജീവനക്കാരനായ ബന്ധു എം.എസ്. മാത്യുവാണെന്ന് പോലീസ് പറയുന്നു. ആറു പേര്‍ക്കും സയനൈഡ് കലര്‍ന്ന ഭക്ഷണമോ പാനീയമോ നല്‍കുകയായിരുന്നുവെന്നു ജോളി പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഒരിക്കല്‍ മാത്രമാണ് സയനൈഡ് എത്തിച്ചു നല്‍കിയിട്ടുള്ളതെന്ന മാത്യു പറയുന്നത്. പലരും സഹായിച്ചിരുന്നുവെന്നും ജോളി പറയുകയും ചെയ്ത സാഹചര്യത്തിലാണ് മറ്റു സാധ്യതകളും പോലീസ് പരിശോധിക്കുന്നത്.

വിദ്യാഭ്യാസ വകുപ്പ് റിട്ട. ഉദ്യോഗസ്ഥന്‍ പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട. അധ്യാപിക അന്നമ്മ തോമസ് (57), മകന്‍ റോയ് തോമസ് (40), അന്നമ്മയുടെ സഹോദരന്‍ എം.എം. മാത്യു (68), ടോമിന്റെ സഹോദര പുത്രന്‍ ഷാജു സഖറിയാസിന്റെ മകള്‍ ആല്‍ഫൈന്‍ (2), ഷാജുവിന്റെ ഭാര്യ സിലി (44) എന്നിവരാണ് 2002- 2016 കാലത്തു മരിച്ചത്. പലപ്പോഴായി ഏല്ലാവരും കുഴഞ്ഞു വീണു മരിക്കുമ്പോള്‍ ജോളി സാക്ഷിയായിരുന്നു. മാത്രവുമല്ല, പറഞ്ഞിരുന്ന കളവുകളും പണം തട്ടാനുള്ള ശ്രമങ്ങളും ഇവര്‍ക്ക് കുരുക്കായി.

LEAVE A REPLY

Please enter your comment!
Please enter your name here