കൃതിയെ വൈശാഖ് ബൈജു വിവാഹം ചെയ്തത് പണം മോഹിച്ചെന്ന് സൂചന

0

കൊല്ലം മുളവനയില്‍ കൊല്ലപ്പെട്ട കൃതി മോഹന്റെ മരണത്തിന്റെ ഞെട്ടലിലാണ് പ്രദേശവാസികള്‍. കൃതിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയശേഷം കാറില്‍ക്കയറി രക്ഷപ്പെട്ട ഭര്‍ത്താവ് കൊല്ലം കോളജ് ജംക്ഷന്‍ എംആര്‍എ 12 ബി ദേവിപ്രിയയില്‍ വൈശാഖ് ബൈജു പോലീസില്‍ കീഴങ്ങുകയായിരുന്നു. ആദ്യ വിവാഹബന്ധംവേര്‍പെടുത്തിയ കൃതി മോഹനെ പണംമോഹിച്ചാണ് വൈശാഖ് വിവാഹം ചെയ്തതെന്നാണ് പോലീസ് പറയുന്നതില്‍ നിന്നും വ്യക്തമാകുന്നത്.

മുളവന കശുവണ്ടി ഫാക്ടറി ജംക്ഷന്‍ ചരുവിള പുത്തന്‍വീട്ടില്‍ പഞ്ചായത്ത് വകുപ്പ് റിട്ട. ഉദ്യോഗസ്ഥന്‍ മോഹനന്റെയും ബ്യൂട്ടീഷ്യയായ ബിന്ദുവിന്റെയും ഏകമകളാണ് കൃതി മോഹന്‍. നാലുവര്‍ഷം മുമ്പായിരുന്നു സ്വദേശിയുമായുള്ള കൃതിയുടെ വിവാഹം നടന്നത്. എന്നാല്‍ പൊരുത്തക്കേടുകളെത്തുടര്‍ന്ന് വിവാഹമോചനംനേടി. ഇതില്‍ മൂന്നു വയസുള്ള മകള്‍ കൃതിക്കുണ്ട്.

ഇൗ അവസരത്തിലാണ് കുടുംബസുഹൃത്തു വഴി വൈശാഖ് വിവാഹവാഗ്ദാനം നല്‍കുന്നത്. വൈശാഖിന്റേത് ആദ്യ വിവാഹമായിരുന്നു. കഴിഞ്ഞ ഫെബ്രുവരി രണ്ടിനാണ് കൃതിയെ ജീവിതസഖിയാക്കിയത്.

ഗള്‍ഫിലേക്കു പോയ വൈശാഖ് ഒരു മാസം കഴിഞ്ഞു മടങ്ങി. ഇതര സംസ്ഥാനങ്ങളില്‍ പ്രഫഷനല്‍ കോഴ്സുകള്‍ക്കു പ്രവേശനം നേടി കൊടുക്കുന്ന ഏജന്റായി പ്രവര്‍ത്തിക്കുന്നയാളാണ് വൈശാഖ്. ഇതിനിടെ ബിസിനസ് ആവശ്യത്തിനെന്നു പറഞ്ഞു കൃതിയുടെ വീട്ടുകാരില്‍ നിന്നു വസ്തു പണയപ്പെടുത്തി 10 ലക്ഷം രൂപ വാങ്ങി.

രണ്ടാഴ്ച മുമ്പു വസ്തുവിന്റെ പ്രമാണം ആവശ്യപ്പെട്ട് വൈശാഖ് പ്രശ്‌നമുണ്ടാക്കി. വീട്ടില്‍ ബഹളം കൂട്ടിയ ശേഷം വൈശാഖ് കൊല്ലത്തേക്കു പോയി. ഒരാഴ്ചയായി മുളവനയിലെ വീട്ടിലേക്ക് എത്തിയിരുന്നില്ല. തിങ്കളാഴ്ച വൈകിട്ട് ഏഴു മണിയോടെ മുളവനയിലെ വീട്ടിലെത്തി. കുറച്ചു സമയം എല്ലാവരുമായി സംസാരിച്ച ശേഷം കിടപ്പുമുറിയിലേക്കു പോയി.

വീട്ടുകാര്‍ ടിവി കാണുകയായിരുന്നു. രാത്രി 9.30ന് ബിന്ദു കതകില്‍ തട്ടി ആഹാരം കഴിക്കാന്‍ വിളിച്ചെങ്കിലും കുറച്ചു കഴിഞ്ഞു മതിയെന്നു പറഞ്ഞു. രാത്രി പത്തര കഴിഞ്ഞിട്ടും രണ്ടാളെയും കാണാത്തതിനെ തുടര്‍ന്നു ബിന്ദു വീണ്ടും വിളിച്ചു. വൈശാഖ് കതക് തുറന്നു. അപ്പോള്‍ കൃതി കട്ടിലില്‍ കിടക്കുകയായിരുന്നു. ഭാര്യയ്ക്ക് എന്തോ അസ്വസ്ഥതയാണെന്നും ആശുപത്രിയില്‍ കൊണ്ടുപോകാമെന്നും പറഞ്ഞ് കട്ടിലില്‍ നിന്നും എടുത്തപ്പോള്‍ വീട്ടുകാര്‍ക്കു സംശയം തോന്നി. വൈശാഖ് പെട്ടെന്നു തന്നെ കൃതിയെ തറയില്‍ കിടത്തി മുറ്റത്തേക്കിറങ്ങി.

ഈ സമയം കൃതിയുടെ പിതാവ് പിന്നാലെ ഓടിയെത്തി. വൈശാഖ് കാറില്‍ കയറി സ്റ്റാര്‍ട്ടാക്കിയപ്പോള്‍ മോഹനന്‍ വണ്ടിയുടെ മുന്നില്‍ തടസ്സം നിന്നു. ഇടിച്ചു വീഴ്ത്തുന്ന തരത്തില്‍ വണ്ടി മുന്നോട്ട് എടുത്തപ്പോള്‍ ഭയന്നു മാറി. തുടര്‍ന്നു വൈശാഖ് അമിത വേഗത്തില്‍ കാറോടിച്ചു പോവുകയായിരുന്നു. ഉടനെ വീട്ടുകാര്‍ കുണ്ടറ പൊലീസില്‍ വിവരമറിയിച്ചു.

പൊലീസും വാര്‍ഡ് മെമ്ബര്‍ സിന്ധു രാജേന്ദ്രനും സ്ഥലത്തെത്തി. ചൊവ്വാഴ്ച രാത്രി കുണ്ടറ പൊലീസ് സ്റ്റേഷനില്‍ എത്തിയ വൈശാഖ് കീഴടങ്ങുകയായിരുന്നൂവെന്നാണ് പോലീസ് പുറത്തുവിടുന്ന വിവരം.

പണം കൈക്കലാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കാണാന്‍ സുന്ദരിയായ കൃതിമോഹനെ വൈശാവ് വിവാഹംകഴിച്ചെന്നാണ് നാട്ടില്‍ പരക്കുന്ന അഭ്യൂഹം. വിവാഹമോചിതയെന്നറിഞ്ഞശേഷമാണ് വൈശാഖ് ഒരു ബന്ധുവഴി ആലോചനയുമായെത്തിയത്. മാസങ്ങള്‍ക്കുള്ളില്‍ തന്നെ കഴുത്തുഞെരിച്ചു കൊന്നൂവെന്നത് വിശ്വസിക്കാനാകാതെ തേങ്ങുകയാണ് കൃതിയുടെ ബന്ധുക്കള്‍.

LEAVE A REPLY

Please enter your comment!
Please enter your name here