പാലക്കാട്: തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ ഉടമസ്ഥതയിലുള്ള നീലഗിരി കോടനാട് എസ്റ്റേറ്റ് കാവല്‍ക്കാരന്‍ കൊല്ലപ്പെട്ട കേസില്‍ വഴിത്തിരിവ്. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ കോടനാട് എസ്റ്റേറ്റിലെ കാവല്‍ക്കാരനെ വധിച്ച കേസിലെ ഒന്നാം പ്രതിയും രണ്ടാം പ്രതിയുടെ ഭാര്യയും മകളും ദുരൂഹ സാഹചര്യത്തില്‍ വാഹനാപകടങ്ങളില്‍ മരിച്ചു. രണ്ടാം പ്രതിക്ക് ഗുരുതരമായി പരിക്കേറ്റു. ഇതോടെ ഇവ കൊലപാതകങ്ങളാണെന്നും സംഭവത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നുമുള്ള സംശയം ബലപ്പെട്ടു.

ഒന്നാം പ്രതി സി. കനകരാജ് (36) വെള്ളിയാഴ്ച സേലത്ത് അട്ടൂരില്‍ ബൈക്ക് അപകടത്തിലാണ് മരിച്ചത്. ഇയാള്‍ സഞ്ചരിച്ച ബൈക്കില്‍ കര്‍ണാടക രജിസ്‌ട്രേഷനിലുള്ള കാര്‍ ഇടിക്കുകയായിരുന്നു. 2012 വരെ ജയലളിതയുടെ എസ്റ്റേറ്റ് ഡ്രൈവറായിരുന്നു കനകരാജ്.
ഇന്നലെ പാലക്കാടിനടുത്ത് തൃശൂര്‍ പാതയിലെ കണ്ണാടിയില്‍ കാര്‍, ചരക്ക് ലോറിയിലിടിച്ചാണ് രണ്ടാം പ്രതി കെ.വി. സയനന്റെ (ശ്യാം) ഭാര്യ ഇരിങ്ങാലക്കുട സ്വദേശിനി വിനുപ്രിയയും (30), മകള്‍ നീതുവും (അഞ്ച്) മരിച്ചത്.

സയനന്‍ തമിഴ്‌നാട് പോലീസിന്റെ കസ്റ്റഡിയില്‍ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഈ മാസം 24നാണ് കോടനാട് എസ്റ്റേറ്റ് കാവല്‍ക്കാരന്‍ ഓംബഹാദൂര്‍ കൊല്ലപ്പെട്ടത്. സംഭവം നടന്ന അന്നുതന്നെ കനകരാജും സയനും അടക്കമുള്ളവരെ ഗൂഡല്ലൂര്‍ പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ഇവര്‍ പുറത്തിറങ്ങുകയായിരുന്നുവെന്ന് പറയപ്പെടുന്നു. അതേസമയം, കോടനാട് എസ്റ്റേറ്റിലെ മോഷണവുമായി ബന്ധപ്പെട്ട് എട്ടുപേരെ പൊലിസ് അറസ്റ്റ് ചെയ്തു. ജയയുടെയും ശശികലയുടെയും സ്വത്ത് വിവരങ്ങള്‍ ഉള്‍പ്പെടുന്ന സ്യൂട്ട് കേസ് കവര്‍ച്ചക്കിടയില്‍ നഷ്ടപ്പെട്ടതായും വിവരമുണ്ട്. പിടിയിലായവര്‍ ക്വട്ടേഷന്‍ സംഘമാണെന്ന് പൊലിസ് അറിയിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here