കടിഞ്ഞാണില്ലാതെ പോലീസ്… മാസ്ക്കില്ലാത്തതിലുള്ള നടപടി ചിത്രീകരിച്ചതിനു കൊച്ചിയിൽ മാധ്യമ പ്രവർത്തകനു നേരെ ആക്രോശം, പ്രതിഷേധവുമായി ചീഫ് എഡിറ്റേഴ്സ് ഗിൽഡ്

കൊച്ചി: ചായക്കടയുടെ മുമ്പിൽവച്ചു മാസ്ക് താഴ്ത്തിയ യുവാവിനെ കസ്റ്റഡിയിലെടുക്കാൻ പോലീസ് ശ്രമം. ജീപ്പിൽ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോകാൻ നടത്തിയ നീക്കവും യുവാവുമായുള്ള തർക്കവും പകർത്തിയ മാധ്യമ പ്രവർത്തകനുനേരെ പോലീസുകാരന്റെ ആക്രോശം… എറണാകുളം നോർത്ത് ​പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് കോവിഡിന്റെ മറവിൽ പോലീസ് നടത്തുന്ന കറുത്ത നടപടിയുടെ മറ്റൊരുദാഹരണം പുറത്തുവരുന്നത്.

കടയുടെ മുന്നിൽ നിന്ന യുവാവ്  മാസ്ക് ശരിയായ് വെച്ചിട്ടില്ലെന്നു പറഞ്ഞായിരുന്നു പോലീസിന്റെ രംഗപ്രവേശനം. പോലീസിന്റെ നടപടി യുവാവ് വീഡിയോയിൽ പകർത്തുകയും താൻ ചായ കുടിക്കാൻ വന്നതാണെന്ന് പറയുകയും ചെയ്യുന്നുണ്ട്. ജീപ്പിൽ കയറുവാൻ പറയുമ്പോൾ യുവാവ് അതിനു തയ്യാറായില്ല. പോലീസ് ജീപ്പിന്റെ ഡ്രൈവർ യുവാവിനെ ബലമായ് വണ്ടിയിൽ കയറ്റാൻ ശ്രമിക്കുന്നത് കണ്ടാണ്‌ ഓൺ ലൈൻ മീഡിയ ചീഫ് എഡിറ്റേഴ്സ് ഗിൽഡ് സംസ്ഥാന ജനറൽ സെക്രട്ടറിയും കവർ സ്റ്റോറിയുടെ ചീഫ് എഡിറ്ററുമായ രവീന്ദ്രൻ ഈ സംഭവം വീഡിയോയിൽ പകർത്തി. ഇതുകണ്ട പോലീസ് ജീപ്പിന്റെ ഡ്രൈവർ  മാധ്യമ പ്രവർത്തകനായ രവീന്ദ്രനു നേരെ തിരിഞ്ഞു.

ഇയാൾ എന്തിനാണ് വീഡിയോ എടുക്കുന്നതെന്നും തന്റെ ചിത്രം എന്തിനാണ് എടുക്കുന്നതെന്നും രൂക്ഷമായി ചോദിച്ചുകൊണ്ട് പോലീസികാരൻ രവീന്ദ്രന്റെ അടുത്തേക്ക് എത്തി. താൻ മാധ്യമ പ്രവർത്തകൻ ആണെന്നും തന്റെ ജോലിയാണ് ചെയ്യുന്നതെന്നും മറുപടി നൽകിയെങ്കിലും പോലീസുകാരന്റെ രോഷം അടങ്ങിയില്ല. രവീന്ദ്രനെ കയ്യേറ്റം ചെയ്യുവാൻ പലപ്രാവശ്യം മുന്നോട്ട് ആഞ്ഞെങ്കിലും കൂടെയുണ്ടായിരുന്ന എസ്.ഐ ഇയാളെ തടഞ്ഞു നിർത്തുകയായിരുന്നു. സമീപത്ത് പലരും പോലീസിന്റെ ഈ നടപടി ശ്രദ്ധിക്കുന്നുണ്ടെന്ന് മനസ്സിലായതോടെ മാസ്ക് വിഷയത്തിൽ യുവാവിന്റെ പേരും വിലാസവും എഴുതിയെടുത്ത് പോലീസ് പിൻവാങ്ങി.

പോലീസിന്റെ നടപടിയിൽ ഓൺ ലൈൻ മീഡിയ ചീഫ് എഡിറ്റേഴ്സ് ഗിൽഡ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ക്രിമിനൽ സ്വഭാവമുള്ള ചിലരാണ് പോലീസ് സേനക്കുതന്നെ നാണക്കേട് ഉണ്ടാക്കുന്ന ഇത്തരം നടപടിക്കു പിന്നിലെന്നും ഉന്നത ഉദ്യോഗസ്ഥർ ഇത്തരം ആളുകൾക്ക് കർശന നിർദ്ദേശം നൽകണമെന്നും ചീഫ് എഡിറ്റേഴ്സ് ഗിൽഡ് സംസ്ഥാന പ്രസിഡന്റ് പ്രകാശ് ഇഞ്ചത്താനം പറഞ്ഞു. ടാർജറ്റ് തികക്കുവാനുള്ള നെട്ടോട്ടത്തിൽ പോലീസ് പായുകയാണ്. നിരപരാധികൾ പോലും ക്രൂശിക്കപ്പെടുന്നത് ഇതുമൂലമാണ്. അമിത ജോലിഭാരവും കടുത്ത മാനസിക സമ്മർദ്ദവും മൂലമുള്ള രോഷം പൊതുജനങ്ങളുടെമേലാണ് ചില പോലീസുകാർ തീർക്കുന്നത്. മാധ്യമ പ്രവർത്തകർ പോലീസിന്റെ നടപടി തടസ്സപ്പെടുത്തുന്നില്ല. പോലീസിന് ഇല്ലാത്ത അധികാരം ഉണ്ടെന്ന് കാട്ടിയാണ് മാധ്യമ പ്രവർത്തകർക്ക് നേരെ കുതിര കയറുന്നതെന്നും സംഘടന ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here