തിരുവനന്തപുരം: രാത്രിയില്‍ ബസ് സ്‌റ്റോപ്പില്‍ നിന്ന റിട്ട. അധ്യാപകന്റെ പിന്‍ഭാഗത്ത് രണ്ടടി കൊടുത്ത കിളിമാനൂര്‍ എസ്.ഐ: ബി.കെ. അരുണിന് സസ്‌പെന്‍ഷന്‍.

കിളിമാനൂര്‍ ബസ്സ്‌റ്റോപ്പില്‍ രാത്രിയില്‍ ഓട്ടോ കാത്തുനിന്ന തന്നെ ജീപ്പില്‍ വന്ന എസ്.ഐ. അരുണ്‍ ചാടിയിറങ്ങി ഒന്നും ചോദിക്കാതെ തന്നെ പിന്‍ഭാഗത്ത് രണ്ടുതവണ ലാത്തികൊണ്ട് ആഞ്ഞടിക്കുകയായിരുന്നൂവെന്നായിരുന്നു അറുപത്തിനാലുകാരനായ റിട്ട. അധ്യാപകന്‍ വിജയകുമാര്‍ പരാതി നല്‍കിയത്.

ഡി.വൈ.എസ്.പിയുടെയും രഹസ്യാന്വേഷണ വിഭാഗത്തിന്റെയും അന്വേഷണത്തില്‍ എസ്.ഐ. അരുണിനെതിരേയുള്ള പരാതി ശരിയാണെന്നു തെളിഞ്ഞതോടെയാണ് വകുപ്പുതല നടപടി എടുത്തത്. റിട്ട.അധ്യാപകന്‍ മദ്യപിച്ചതിനാലാണ് മര്‍ദ്ദിച്ചതെന്ന എസ്.ഐയുടെ വിശദീകരണവും മുഖവിലക്കെടുത്തില്ല.

കിളിമാനൂര്‍ ഭാഗത്ത് മദ്യപിച്ചെത്തുന്നവരെ കാണുമ്പോള്‍ എസ്.ഐ. ഇത്തരത്തിലാണ് പെരുമാറുന്നതെന്നും രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

എന്നാല്‍ ഇത്തവണ വയോധികനായ ഒരാളോടുപോലും അതിക്രൂരമായി പെരുമാറിയതാണ് എസ്.ഐയ്ക്ക് വിനയായത്. പിന്‍ഭാഗം പൊട്ടിയ റിട്ട.അധ്യാപകന് ഇരിക്കാന്‍പോലും കഴിയുമായിരുന്നില്ല.

എസ്.ഐ. അരുണ്‍ പലകാര്യത്തിലും മാതൃകാപരമായി പെരുമാറിയ നിരവധി സന്ദര്‍ഭങ്ങളുമുണ്ട്. എല്ലാകാര്യത്തിലും ജനോപകാര പ്രദമായ നടപടികളാണ് അദ്ദേഹം സ്വീകരിച്ചിരുന്നതെന്നും എന്നാല്‍ ഇക്കാര്യത്തില്‍ മാത്രമാണ് വീഴ്ച പറ്റിയതെന്നും നാട്ടുകാരും സാക്ഷ്യപ്പെടുത്തുന്നു. ഇക്കാര്യങ്ങളും രഹസ്യാന്വേഷണത്തില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here