കേരളയില്‍ ‘സര്‍വ്വത്ര’ തട്ടിപ്പ്: വേണ്ടപ്പെട്ടവര്‍ക്ക് ‘വേണ്ടത്ര’ മാര്‍ക്ക് നല്‍കാന്‍ ഉദ്യോഗസ്ഥരുടെ ഗൂഢസംഘം

0
12

കേരള സര്‍വ്വകലാശാല പരീക്ഷകളില്‍ വേണ്ടപ്പെട്ടവര്‍ക്ക് വേണ്ടത്ര മാര്‍ക്ക് കൂട്ടിക്കൊടുക്കുന്നൂവെന്ന ആരോപണത്തിന് ബലംപകര്‍ന്ന് 12 പരീക്ഷകളില്‍ മാര്‍ക്ക് ദാനം നടന്നതായി കണ്ടെത്തല്‍. സര്‍വ്വകലാശാല കമ്പ്യൂട്ടര്‍ വിഭാഗം നടത്തിയ പരിശോധനയിലാണ് കള്ളക്കളി വെളിച്ചത്തായത്. സ്ഥലംമാറിപോയ ഉദ്യോഗസ്ഥരുടെ യൂസര്‍ഐഡി തരപ്പെടുത്തിയാണ് തട്ടിപ്പ് നടന്നത്.

കേരളസര്‍വ്വകലാശാലയിലൂടെ ഇടതുപക്ഷ വിദ്യാര്‍ത്ഥിനേതാക്കളടക്കം ‘മികച്ച’ മാര്‍ക്കുനേടി വിജയിക്കുന്നത് കാലങ്ങളായി തുടരുന്ന ആചാരമാണ്. എല്ലാക്കാലത്തും മറ്റ് വിദ്യാര്‍ത്ഥികളെ അമ്പരപ്പിച്ചിരുന്ന കാര്യമാണ് ഇത്. ഈ സംശയങ്ങള്‍ക്കുള്ള ഉത്തരമാണ് ഈ 12 പരീക്ഷകളിലെ തട്ടിപ്പിലൂടെ പുറത്തുവരുന്നത്. കേരളസര്‍വ്വകലാശാല കേന്ദ്രീകരിച്ച് എല്ലാസെക്ഷനുകളിലും ഇതിനുവേണ്ടി ‘ഗൂഢസംഘം’ പ്രവര്‍ത്തിക്കുന്നുണ്ട്.

അനധികൃതമായി വേണ്ടപ്പെട്ട വിദ്യാര്‍ത്ഥികളെ ജയിപ്പിച്ചെടുത്തതായാണ് വിവരം. തട്ടിപ്പ് നടന്ന വിവരം പുറത്തായതോടെ അനധികൃതമായി മോഡറേഷന്‍ ലഭിച്ച വിദ്യാര്‍ത്ഥികളുടെ മാര്‍ക്ക്‌ലിസ്റ്റുകള്‍ പിന്‍വലിക്കാന്‍ വി.സി. നിര്‍ദ്ദേശിച്ചിട്ടുണ്ട്. ചില വിദ്യാര്‍ത്ഥികള്‍ മാര്‍ക്ക്‌ലിസ്റ്റു ഇതിനകം വാങ്ങിയിട്ടുണ്ട്.

39 ജീവനക്കാരുള്ള ഇ.എസ്. സെക്ഷനില്‍ 70 ഐ.ഡികളാണ് ഉപയോഗിച്ചിരുന്നതെന്ന് തെളിഞ്ഞതോടെ സര്‍വ്വകലാശാല പ്രവര്‍ത്തനങ്ങളിലെ വമ്പന്‍തട്ടിപ്പുകള്‍ നടത്തുന്ന ഗൂഢസംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വ്യക്തമായി. പഴയ ഉദ്യോഗസ്ഥര്‍ സ്ഥലംമാറിപോയാലും ആ ഐ.ഡി. തുടര്‍ന്നും ഉപയോഗിക്കുന്ന പഴുതിലൂടെ അനധികൃത മാര്‍ക്ക് ദാനം നടത്തുകയായിരുന്നു. ഇത് എത്രകൊല്ലമായി നടക്കുന്നൂവെന്ന് തിട്ടപ്പെടുത്തിയിട്ടില്ല.

പുതിയ ഉദ്യോഗസ്ഥര്‍ പുതിയ യൂസര്‍ ഐ.ഡി. ചോദിച്ചാലും ഉന്നതഉദ്യോഗസ്ഥര്‍ അനുവദിക്കാറില്ല. പകരം പഴയത് ഉപയോഗിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയാണ് പതിവെന്നും ആരോപണമുണ്ട്. വ്യക്തമായ ഗൂഢാലോചനയുടെ ഭാഗമായി ഉന്നതഉദ്യോഗസ്ഥരടക്കം ഈ തട്ടിപ്പിനുപിന്നിലുണ്ടെന്നാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here