സ്‌റ്റേഷനില്‍ നേരിട്ടത് അപമാനം, ഫോണിലെ ചിത്രങ്ങള്‍ സൈബര്‍ പോരാളികള്‍ക്ക് ലഭിച്ചു, മുഖ്യമന്ത്രിക്കു പരാതി നല്‍കി രേഷ്മ

കണ്ണൂര്‍ | പുന്നോല്‍ ഹരിദാസ് വധക്കേസിലെ പ്രതിയായ ആര്‍.എസ്.എസ്. പ്രവര്‍ത്തകനു ഒളിവില്‍ കഴിയാല്‍ വീടുനല്‍കിയ കേസില്‍ അറസ്റ്റിലായ കെ. രേഷ്മ സൈബര്‍ ആക്രമണത്തിനെതിരെയും പോലീസ്് പീഡനത്തിനെതിരെയും മുഖ്യമന്ത്രിയെ സമീപിച്ചു.

പോലീസില്‍ നിന്നു സ്ത്രീയെന്ന നിലയില്‍ ലഭിക്കേണ്ട മാനുഷിക പരിഗണന ലഭിച്ചില്ലെന്നും സി.പി.എമ്മിന്റെ ഉന്നത നേതാക്കളും ജനപ്രതിനിധികളും ഉള്‍പ്പെടെയുള്ളവര്‍ സൈബര്‍ ആക്രമണവും സദാചാര ആക്രമണവും നടത്തിയെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. തന്റെയും പ്രായപൂര്‍ത്തിയാകാത്ത മകളുടെയും അമ്മയുടെയും ഫോണുകള്‍ പോലീസ് കസ്റ്റിയിലാണ്. ഈ ഫോണിലെ ചിത്രങ്ങളും വീഡിയോകളും സൈബര്‍ ആക്രമണം നടത്തിയവര്‍ക്ക് ലഭിച്ചത് പോലീസ് സ്‌റ്റേഷനില്‍ നിന്നാണെന്നു സംശയിക്കുന്നു. എം്.വി. ജയരാജന്‍, കാരായി രാജന്‍, ബൈജു നങ്ങരാത്ത്, നിധീഷ് ചെല്ലത്ത് തുടങ്ങിയ നേതാക്കളുടെ പേരുകള്‍ പരാമര്‍ശിച്ചാണ് പരാതി.

താനും കുടുംബവും ഭര്‍ത്താവിന്റെ കുടുംബവുമെല്ലാം സി.പി.എം അനുഭാവികളാണെന്നും പിണറായി വിജയന്റെ അയല്‍വാസിയാണെന്നും കത്തില്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്. ശനിയാഴ്ച്ച രാത്രിയാണ് ജാമ്യം ലഭിച്ച് കെ. രേഷ്മ പുറത്തിറങ്ങിയത്. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് വിശദമായ പരാതി മുഖ്യമന്ത്രിയുടെ ഓഫീസിലേക്കു അയച്ചത്.

അതേസമയം, രേഷ്മയെ സംരക്ഷിക്കുന്നതും സഹായിക്കുന്നതും ബി.ജെ.പിയാണെന്ന നിലപാടിലാണ് സി.പി.എം കണ്ണുര്‍ ജില്ലാ ഘടകം. രേഷ്മയെ ജാമ്യത്തിലിറക്കാനെത്തിയത് ബി.ജെ.പി തലശേരി മണ്ഡലം ജനറല്‍ സെക്രട്ടറിയാണ്. കോടതിയില്‍ ഹാജരായത് അഭിഭാഷക പരിഷത്ത് നേതാവാണ്. ആര്‍.എസ്.എസ്. ബന്ധത്തിനു ഇതില്‍ കൂടുതല്‍ തെളിവു വേണ്ടെന്നും ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ വ്യക്തമാക്കി. പ്രതിയാണെന്നു അറിഞ്ഞുകൊണ്ടാണ് വീടു വാടകയ്ക്കു നല്‍കിയതെന്നു പോലീസിനു നല്‍കിയ മൊഴിയിലുണ്ട്. അതേസമയം രേഷ്മയെന്നല്ല ആര്‍ക്കെതിരെയുമുള്ള സൈബര്‍ ആക്രമണം അംഗീകരിക്കുന്നില്ലെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here