ഭോപ്പാൽ: എട്ടുമാസം മാത്രം പ്രായമായ കുഞ്ഞിനെ മഴു കൊണ്ട് മാതാവ് വെട്ടിക്കൊന്നു. ഭോപ്പാലിലെ അശോക് നഗർ ജില്ലയിലാണ് സംഭവം. ‘അവൻ ഒരു ആട് ആയിരുന്നു, അതുകൊണ്ട് ഞാനവനെ എവിടെ നിന്നാണോ വന്നത് അങ്ങോട്ടു തന്നെ അയച്ചു’ – എന്നാണ് കുഞ്ഞിനെ കൊന്നശേഷം മാതാവ് പറഞ്ഞത്. രക്തത്തിൽ കുളിച്ച എട്ടുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെയും കൊണ്ട് വീട്ടിലേക്ക് മടങ്ങിയെത്തുമ്പോഴാണ് ഇങ്ങനെ പറഞ്ഞത്.
സംഭവത്തെക്കുറിച്ച് യുവതിയുടെ പിതാവ് പൊലീസിൽ അറിയിച്ചതിനെ തുടർന്ന് അമ്മയായ രശ്മി ലോധിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചുരാരു ഗ്രാമത്തിലെ താമസക്കാരിയാണ് രശ്മി. ശനിയാഴ്ച ഉച്ചയ്ക്കു ശേഷം രശ്മി കുഞ്ഞുമായി വീട്ടിൽ നിന്ന് പുറത്തേക്ക് പോകുകയായിരുന്നുവെന്ന് രശ്മിയുടെ കുടുംബാംഗങ്ങൾ പറഞ്ഞു. തുടർന്ന് മണിക്കൂറുകൾക്ക് ശേഷം രക്തത്തിൽ കുളിച്ച കുഞ്ഞുമായി തിരികെ എത്തുകയായിരുന്നു.
കുഞ്ഞിനെയുമായി മടങ്ങിയെത്തിയപ്പോൾ തന്റെ കുഞ്ഞ് അത് എവിടെ നിന്നാണോ വന്നത് അങ്ങോട്ടേക്ക് തന്നെ അയച്ചെന്നും യുവതി കുടുംബാംഗങ്ങളോട് പറഞ്ഞതായി കുടുംബാംഗങ്ങൾ പൊലീസിനോട് പറഞ്ഞു. അതേസമയം, ആദ്യഘട്ടത്തിൽ കുറ്റം മറച്ചുപിടിക്കാൻ രശ്മിയുടെ കുടുംബം ശ്രമിച്ചതായി പൊലീസ് പറഞ്ഞു. പടിക്കെട്ടിൽ നിന്ന് വീണതാണെന്ന് പറഞ്ഞാണ് കുഞ്ഞിനെ രശ്മിയുടെ മാതാവ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ. ഞായറാഴ്ച രാവിലെ രശ്മിയുടെ പിതാവ് പോലീസിനെ ഇക്കാര്യം അറിയിക്കുകയായിരുന്നു.
അന്വേഷണം ആരംഭിച്ചതിനു പിന്നാലെ കുറ്റകൃത്യം ചെയ്യാൻ ഉപയോഗിച്ച മഴു കണ്ടെടുത്തു. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു. കുഞ്ഞിനെ റോഡിൽ കിടത്തിയതിനു ശേഷം മഴു ഉപയോഗിച്ച് കൊല്ലുകയായിരുന്നെന്ന് പ്രാഥമികാന്വേഷണത്തിൽ മനസിലായി. അതേസമയം, രശ്മിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് സംശയിക്കുന്നത്. മാനസിക ചികിത്സയ്ക്കായി യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.