കൊല്ലം | സ്ത്രീധന പീഡനത്തിനു ഇരായി വിസ്മയ ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് കിരണ്‍ കുമാര്‍ കുറ്റക്കാരന്‍. ശിക്ഷാ വിധി നാളെയുണ്ടാകും.
കൊല്ലം അഡീഷണല്‍ സെഷന്‍സ് കേടതി ജഡ്ജി കെ എന്‍ സുജിത്താണ് വിധി പറഞ്ഞത്. കിരണ്‍ കുമാറിന്റെ ജാമ്യം റാദ്ദാക്കി ജുഡീഷ്യല്‍ കോടതിയിലേക്കു മാറ്റി. സ്ത്രീധന പീഡനം മൂലമുള്ള മരണം (304 ബി), ആത്മഹത്യ പ്രേരണ (സെക്ഷന്‍ 306), സ്ത്രീധന പീഡനം ((498 എ), ഗാര്‍ഹിക പീഡനം തുടങ്ങി പ്രോസിക്യൂഷന് ആരോപിച്ച വകപ്പുകളിലെല്ലാം പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. സ്ത്രീധന പീഡനവും ആത്മഹത്യ പ്രേരണയുമെല്ലാം സംശയമില്ലാതെ തെളിഞ്ഞെന്ന് കോടതി വ്യക്തമാക്കി.
നാല് മാസത്തോളം നീണ്ട വിചാരണക്ക് ശേഷമാണ് ഏറെ ചര്‍ച്ചയായ കേസില്‍ വിധി പറഞ്ഞത്. പ്രോസിക്യൂഷന് വേണ്ടി 41 സാക്ഷികളെയും തെളിവായി 118 രേഖകളും12 തൊണ്ടി മുതലുകളും കോടതിയില്‍ ഹാജരാക്കി. വിസ്താരത്തിനിടെ കിരണിന്റെ പിതാവ് സദാശിവന് പിള്ള, സഹോദരി കീര്‍ത്തി, സഹോദരീ ഭര്‍ത്താവ് മുകേഷ് എം നായര്‍ തുടങ്ങി ബന്ധുക്കളായ അഞ്ച് സാക്ഷികള്‍ കൂറു മാറുകയും ചെയ്തിരുന്നു. എന്നാല്‍ ഭൂരിഭാഗം സാക്ഷികളും ഇരക്കൊപ്പം നിന്നത് കേസില്‍ നിര്‍ണായകമായി.
2020 മെയ് 30നാണ് വിസ്മയെ മോട്ടോര്‍ വാഹന വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്ന കിരണ്‍ കുമാറിനെ വിവാഹം ചെയ്തത്.