കൊച്ചി: പെണ്‍കുട്ടിയെയും പിതാവിനെയും പൊതുനിരത്തില്‍ അപമാനിച്ച പിങ്ക് പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കാക്കിയുടെ ഈഗോ പെണ്‍കുട്ടിയോട് ക്ഷമ ചോദിക്കാനോ കെട്ടിപ്പിടിച്ചു ആശ്വസിപ്പിക്കാനോ അനുവദിച്ചില്ലെന്ന് ഹൈക്കോടതി വിമര്‍ശിച്ചു.
പോലീസുകാരിക്കെതിരായ നടപടി സ്ഥലം മാറ്റത്തില്‍ ഒതുക്കിയതിനെയും വിമര്‍ശിച്ച കോടതി ഡി.ജി.പിയോട് വിശദമായ റിപ്പോര്‍ട്ട് സമര്പ്പിക്കാനുഗ നിര്‍ദേശിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വിശദമായി കണ്ടശേഷമായിരുന്നു ജസ്റ്റിസ് ദേവന് രാമചന്ദ്രന്റെ പ്രതികരണം.
കരയുന്ന പെണ്‍കുട്ടിയെ എന്തുകൊണ്ട് ആ വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്കു ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിക്കാന്‍ കഴിഞ്ഞില്ലെന്നു കോടതി ആരാഞ്ഞു. ഒരു മാപ്പു പറച്ചിലില്‍ തീരുമായിരുന്ന വിഷയമാണ് ഈ രീതിയില്‍ എത്തിച്ചതെന്നും വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ അഭിഭാഷകനോട് കോടതി പറഞ്ഞു. പെണ്‍കുട്ടി പൊട്ടിക്കരഞ്ഞിട്ടും എന്തുകൊണ്ട് പോലീസിന്റെ മനസ് അലിഞ്ഞില്ലെന്നും ഇത് എന്ത് പിങ്ക് പോലീസാണെന്നും കോടതി ചോദിച്ചു.
അടുത്തമാസം ആറിനു കേസ് പരിഗണിക്കുമ്പോള്‍ സംസ്ഥാന പോലീസ് മേധാവി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. സംഭവത്തിനുശേഷം പെണ്‍കുട്ടി ചികിത്സ തേടിയിട്ടുണ്ടെങ്കില്‍ അതു സംബന്ധിച്ച വിവരം മുദ്രവച്ച കവറില്‍ സമര്‍പ്പിക്കാന്‍ ഹര്‍ജിക്കാരിയുടെ അഭിഭാഷകനോടും കോടതി നിര്‍ദേശിച്ചു.