കൊച്ചി: നയതന്ത്ര ബാഗേജിന്റെ മറവില്‍ 21 തവണയായി 169 കിലോ സ്വര്‍ണ്ണം കടത്തിയെന്ന് കസ്റ്റംസ് കുറ്റപത്രം. മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളിലെ ആഭരണ നിര്‍മ്മാണ ശാലകളിലെത്തിയ കള്ളക്കടത്തു സ്വര്‍ണം ഹൈദരാബാദ്, കോയമ്പത്തൂര്‍, മംഗളൂരു എന്നിവിടങ്ങളിലേക്കു കടത്തിയെന്നും എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കസ്റ്റംസ് സമര്‍പ്പിച്ച കുറ്റപരതം പറയുന്നു.

നേരിട്ടും അല്ലാതെയും സംഭവവുമായി ബന്ധമുള്ള 29 പേരെയാണ് കേസില്‍ പ്രതിചേര്‍ത്തിട്ടുള്ളത്. പി.എസ്. സരിത്ത്, സ്വപ്‌ന സുരേഷ്, സന്ദീപ് നായര്‍, കെ.ടി. റമീസ്, എ.എം. ജലാല്‍, റബിന്‍സ് ഹമീദ് തുടങ്ങിയവരാണ് പ്രധാന പ്രതികള്‍. യു.എ.ഇ കോണ്‍സുലേററില്‍ താല്‍ക്കാലിക ജീവനക്കാരായിരുന്ന സ്വപ്‌നയും സരിത്തും സുഹൃത്ത് സന്ദീപും ഇതിനുവേണ്ട സഹായം ചെയ്യുകയും ലാഭം പങ്കിടുകയും ചെയ്തുവെന്നാണ് കേസ്.

2020 ജൂലൈ അഞ്ചിനാണു 14.82 കോടി രൂപ വരുന്ന 30.44 കിലോ ഗ്രാം സ്വര്‍ണം കസ്റ്റംസ് പിടികൂടിയത്. സംശയത്തിന്റെ നിഴലിലുള്ള കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ സംസ്ഥാന മന്ത്രിമാരെയും ഉന്നത ഉദ്യോഗസ്ഥരെയും രാഷ്ട്രീയ നേതാക്കളെയും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശം ലംഘിച്ചു കോണ്‍സുലേറ്റിലേക്കും കോണ്‍സുലേറ്റ് ജനറലിന്റ വസതിയിലേക്കും ക്ഷണിച്ചതായും കുറ്റപത്രം പറയുന്നു.

നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണക്കടത്തു കേസില്‍ അന്വേഷണം നടത്തിയ മൂന്നു കേന്ദ്ര ഏജന്‍സികളാണ് ഇതുവരെ പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചത്. എം.ശിവശങ്കറെ കസ്റ്റംസും ഇ.ഡിയും പ്രതിയാക്കിയിട്ടുണ്ട്. എന്നാല്‍ എന്‍.ഐ.എ സാക്ഷിപട്ടികയില്‍പോലും ഉള്‍പ്പെടുത്തിയിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here