സല്‍മാന്‍ ഖാനെ വധിക്കാന്‍ പദ്ധതിയിട്ട സമ്പത്ത് നെഹ്‌റ അറസ്റ്റില്‍

0

ഗുരുഗ്രാം: ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെ വധിക്കാന്‍ പദ്ധതിയിട്ട അധോലോക നേതാവ് സമ്പത്ത് നെഹ്‌റ അറസ്റ്റില്‍. ഹരിയാന പോലീസിന്റെ പ്രത്യേക ദൗത്യസേന ബുധനാഴ്ച ഹൈദരാബാദില്‍നിന്ന് അറസ്റ്റ് ചെയ്ത ഇയാളെ കോടതിയില്‍ ഹാജരാക്കാനായി ഗുരുഗ്രാമില്‍ എത്തിച്ചിട്ടുണ്ട്.

സല്‍മാനെ കൊല്ലുമെന്ന് ഈ വര്‍ഷമാദ്യം ഭീഷണി മുഴക്കിയ ലോറന്‍സ് ബിഷ്‌നോയിയുടെ അനുയായിയാണു പിടിയിലായ നെഹ്‌റ. സല്‍മാന്റെ നീക്കങ്ങള്‍ മനസ്സിലാക്കാന്‍ മുംബൈയിലും നെഹ്‌റ രണ്ടു ദിവസം ചുറ്റിതിരിഞ്ഞു. ഗാലക്‌സി അപ്പാര്‍ട്ട്‌മെന്റിലെ സല്‍മാന്റെ വീടിന്റെയും പരിസരത്തിന്റെയും ചിത്രങ്ങള്‍ പകര്‍ത്തി. നടന്റെ യാത്രകള്‍ രേഖപ്പെടുത്തി ആക്രമണത്തിനു പദ്ധതിയിട്ടതായും ചോദ്യം ചെയ്യലില്‍ വ്യക്തമായിട്ടുണ്ട്.

സല്‍മാന്‍ ഖാനെ വധിക്കാന്‍ പദ്ധതി തയ്യാറാക്കുകയും അതിനായി ശ്രമങ്ങള്‍ നടത്തുകയും ചെയ്തത് സമ്പത്ത് നെഹ്‌റയായിരുന്നെന്ന് പ്രാഥമിക ചോദ്യംചെയ്യലില്‍ വ്യക്തമായതായി പോലീസ് പറഞ്ഞു. സല്‍മാനെ കൊലപ്പെടുത്തിയതിനു ശേഷം വിദേശത്തേക്കു കടക്കാനായിരുന്നു പദ്ധതി. ഈമാസം ആറിനാണ് നെഹ്‌റയെ ഹൈദരാബാദില്‍നിന്ന് അറസ്റ്റു ചെയ്തത്. .

രാജസ്ഥാന്‍ സ്വദേശിയായ നെഹ്‌റ ലോറന്‍സ് ബിഷ്‌നോയി സംഘത്തിലെ വെടിവയ്ക്കല്‍ വിദഗ്ധനാണ്. ബിഷ്‌നോയിയുടെ അധോലോക സംഘത്തിലെ സുപ്രധാന അംഗമാണ്. ചണ്ഡീഗഡ്് പൊലീസില്‍നിന്നു വിരമിച്ച അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറുടെ മകനാണ് സമ്പത്ത് നെഹ്‌റ. 2016ല്‍ കാര്‍ജാക്കിങ് കേസില്‍ അറസ്റ്റിലായ നെഹ്‌റ പിന്നീട് ജാമ്യത്തില്‍ ഇറങ്ങുകയായിരുന്നു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here