വേണ്ടത് അനുമതി മാത്രം ? ഫ്രാങ്കോ മുളയ്ക്കലിനെ അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും

0

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പൂട്ടാനുള്ള വഴികള്‍ തുറന്ന് അന്വേഷണ സംഘം. ശക്തമായ പ്രതിഷേധങ്ങള്‍ക്കിടെ, ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് ചോദ്യം ചെയ്യും. എന്നാല്‍, അറസ്റ്റ് ചെയ്യുമോയെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

ബിഷപ്പിനെ കസ്റ്റഡിയിലെടുക്കാനുള്ള അനുമതി അന്വേഷണ സംഘത്തിന് പോലീസ് ആസ്ഥാനത്തുനിന്നു നല്‍കിയിട്ടില്ല. അറസ്റ്റ് ചെയ്യുന്നത് മെത്രാനെ ആയതുകൊണ്ട് രാഷ്ട്രീയ തീരുമാനത്തിനായി പോലീസ് മേധാവി കാത്തിരിക്കുന്നുവെന്ന വിവരമാണ് ലഭിക്കുന്നത്.

വൈക്കം ഡിവൈ.എസ്.പി. കെ. സുഭാഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ജലന്ധറിലുള്ളത്. ജലന്ധറിലെ മിഷണറീസ് ഓഫ് ജീസസ് ആസ്ഥാനത്തെ കന്യാസ്ത്രീകള്‍ നല്‍കിയ മൊഴികളും എതിരായതോടെയാണ് ബിഷപ്പിന് കുരുക്ക് മുറുകിയത്. ഇടയനോടൊപ്പം ഒരു ദിവസം എന്ന പേരില്‍ ബിഷപ്പ് നടത്തിയിരുന്ന പ്രാര്‍ത്ഥനാ പരിപാടിയില്‍ മോശം അനുഭവം ഉണ്ടായതായി കന്യാസ്ത്രീകള്‍ അന്വേഷണ സംഘത്തെ അറിയിച്ചു. കന്യാസ്ത്രീകളില്‍ നിന്ന് എതിര്‍പ്പ് ശക്തമായതോടെ ഈ പരിപാടി 2014ല്‍ നിര്‍ത്തിയിരുന്നു. ഇതിനിടെ, പീഡനം നടന്നുവെന്ന് പോലീസും കണ്ടെത്തിയിട്ടുണ്ട്.

അന്വേഷണ സംഘത്തിന് ബിഷപ്പ് രേഖാമൂലം നല്‍കിയ മറുപടികളില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ കൂടിയാണ് അടുത്ത ഘട്ടത്തിലേക്ക് കടക്കാന്‍ അന്വേഷണ സംഘം തയാറെടുക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here