തിരുവനന്തപുരം: അനധികൃത സ്വത്തു സമ്പാദനവുമായി ബന്ധപ്പെട്ട പരാതികളില്‍ മുന്‍മന്ത്രി വി.എസ്. ശിവകുമാര്‍ എം.എല്‍.എയ്ക്കെതിരെ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തു. ശിവകുമാറിനു പുറമേ എം. രാജേന്ദ്രന്, ഷൈജുഹരന്‍, അഡ്വ് എന്‍. ഹരികുമാര്‍ എന്നിവര്‍ക്കെതിരെയാണു എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തത്. പ്രത്യേക വിജിലന്‍സ് കോടതിയില്‍ സ്പെഷല്‍ സെല്‍ എഫ്.ഐ.ആര്. സമര്‍പ്പിച്ചു. എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യപ്പെട്ട സാഹചര്യത്തില്‍ എന്‍ഫോഴ്സ്മെന്റ് അന്വേഷണത്തിനും സാധ്യതയുണ്ട്.
വിജിലന്‍സ് സ്പെഷല്‍ സെല്‍ എസ്.പി. അജിയുടെ നേതൃത്വത്തിലാണ് അന്വേഷണം. നേരത്തെ ഏഴു പേര്‍ക്കെതിരെ വിജിലന്‍സ് രഹസ്യ പരിശോധന നടത്തിയിരുന്നു. വി.എസ്. ശിവകുമാറിന്റെ സ്വത്ത് വിവരങ്ങള്‍ വിശദമായി പരിശോധിക്കാനുള്ള നീക്കത്തിലാണ് വിജിലന്‍സ്.