ആപ് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തി ഭീഷണി

തിരുവനന്തപുരം: സംസ്ഥാനത്ത് മൊബൈല്‍ ആപ്പിലൂടെ വായ്പാ തട്ടിപ്പ് സജീവമാകുന്നു. വീട്ടമ്മമാരെ ലക്ഷ്യമിട്ടാണ് പ്രധാനമായും ഈ മൊബൈല്‍ ആപ്പിലൂടെ വായ്പാ തട്ടിപ്പ്. ആപ്പ് ഇന്‍സ്റ്റാൾ ചെയ്‍താൽ നിമിഷങ്ങള്‍ക്കകം പണം അക്കൌണ്ടിലെത്തുമെന്ന് പറഞ്ഞാണ് തട്ടിപ്പ്. ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതോടെ ഫോണിലെ വിവരങ്ങള്‍ കമ്പനിക്ക് ലഭിക്കുന്നുവെന്ന് പരാതി.  തിരിച്ചടവ് വൈകുന്നതോടെ ഫോണിലെ വിവരങ്ങൾ ഉപയോഗിച്ച് ബ്ളാക്ക്മെയില്‍ ചെയ്യുന്നതായും തട്ടിപ്പിനിരയായവർ പരാതിപ്പെടുന്നു. നിരവധി പരാതികളാണ് പൊലീസിന് ഇതിനകം ലഭിച്ചത്

ഫേസ്‍ബുക്ക്, വാട്സാപ്പ് എന്നിവ സ്ഥിരമായി ഉപയോഗിക്കുന്ന വീട്ടമ്മമാര്‍ക്കാണ് ആപ്പ് വഴി എളുപ്പത്തില്‍ പണം ലഭിക്കുക. സിബില്‍ സ്കോര്‍ കുറവാണെങ്കിലും ഇങ്ങനെ ഉള്ളവര്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്താല്‍ നിമിഷങ്ങള്‍ക്കകം പണം അക്കൌണ്ടിലെത്തും. പക്ഷേ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് മുമ്പ് ചില നിബന്ധനകള്‍ വരും. ഇത് പൂര്‍ണമായി വായിക്കാതെ സമ്മതം നല്‍കുന്നവരാണ് പിന്നീട് കുരുക്കില്‍പ്പെടുന്നത്.

നിബന്ധനകള്‍ക്ക് സമ്മതം മൂളുന്നതോടെ നിങ്ങളുടെ ഫോണിലെ കോണ്ടാക്ടും ഗ്യാലറിയും അടക്കം കമ്പനികള്‍ക്ക് ലഭിക്കും. എടുത്ത തുകയുടെ ഇരട്ടിയാകും തിരിച്ച് ചോദിക്കുക. നല്‍കിയില്ലെങ്കില്‍ ആദ്യം ഭീഷണി. അത് പിന്നീട് നിങ്ങളുടെ ചിത്രം ഉപയോഗിച്ചുള്ള ബ്ളാക്ക് മെയിലിംഗായി മാറും. നിരവധി സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ ആപ്പുമായി രംഗത്തുണ്ട്. ഇതിനോടകം നൂറിലധികം പരാതികളാണ് പൊലീസിന് മുമ്പാകെ എത്തിയിരിക്കുന്നത്. പക്ഷേ ഈ സംഘത്തിനെതിരെ ജാഗ്രത നല്‍കിയതല്ലാതെ നടപടി ഇതുവരെ ഉണ്ടായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here