ലഹരി മരുന്നു കേസ്: ആര്യന്‍ ഖാനു ക്ലീന്‍ ചിറ്റ് നല്‍കി നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ

മുംബൈ | ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ലഹരിമരുന്ന് കേസില്‍ ക്ലീന്‍ ചിറ്റ്. ആര്യന്‍ ഖാനും ഒപ്പം ഉണ്ടായിരുന്ന ആറു പേര്‍ക്കുമെയിരെ തെളിവില്ലെന്ന് നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ(എന്‍.സി.ബി.) കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷമാണ് മുംബൈ തീരത്ത് ആഡംബര കപ്പലില്‍ ലഹരിമരുന്ന് പാര്‍ട്ടി നടത്തിയതില്‍ ആര്യന്‍ ഖാനും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ആഡംബര കപ്പലില്‍ എന്‍.സി.ബി. സംഘം നടത്തിയ റെയ്ഡില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നതായും ആരോപണമുണ്ടായിരുന്നു. കപ്പലില്‍നിന്ന് കസ്റ്റഡിയിലെടുക്കുമ്പോള്‍ ആര്യന്‍ ഖാന്റെ കൈവശം ലഹരിമരുന്ന് ഉണ്ടായിരുന്നില്ല. അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണോ ചാറ്റുകളോ പരിശോധിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. മാത്രമല്ല, ചാറ്റുകളില്‍നിന്ന് അന്താരാഷ്ട്ര ലഹരിമരുന്ന് സംഘവുമായുള്ള ബന്ധം കണ്ടെത്താനായിട്ടില്ല. എന്‍.സി.ബി. നടത്തിയ റെയ്ഡിന്റെ വീഡിയോ പകര്‍ത്തിയിട്ടില്ല. ഒട്ടേറെ പ്രതികളില്‍നിന്ന് കണ്ടെടുത്ത ലഹരിമരുന്നെല്ലാം ഒരൊറ്റ തൊണ്ടിമുതലായാണ് കേസില്‍ രേഖപ്പെടുത്തിയിരിക്കുന്നതെന്നും എന്‍.സി.ബി.യുടെ പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ലഹരിപാര്‍ട്ടി കേസുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങള്‍ ഉയര്‍ന്നതോടെയാണ് അന്വേഷണം എന്‍.സി.ബി.യുടെ പ്രത്യേകസംഘം ഏറ്റെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here