തിരുവനന്തപുരം: ഡോളര്‍ കടത്തു കേസുമായി ബന്ധപ്പെട്ട് യു.എ.ഇ. അറ്റാഷെയെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് അനുമതി തേടി. ധനകാര്യ മന്ത്രാലയത്തിനു കസ്റ്റംസ് അനുമതി തേടി കത്തയച്ചു. യു.എ.ഇ. കോണ്‍സുല്‍ ജനറലിനെ ചോദ്യം ചെയ്യണമെന്നും ആവശ്യമുണ്ട്. ഡോളര്‍ കടത്തില്‍ കൂടുതല്‍ പ്രമുഖര്‍ക്കു പങ്കുണ്ടെന്നാണു കസ്റ്റംസ് കണ്ടെത്തല്‍. റിവേഴ്‌സ് ഹവാലയാണെന്നും കസ്റ്റംസ് പറയുന്നു.

വിദേശത്തുനിന്ന് പണം അനധികൃത മാര്‍ഗങ്ങളിലൂടെ ഇവിടെയെത്തിക്കുന്നതാണു ഹവാല. റിവേഴ്‌സ് ഹവാലയില്‍ പണത്തിന്റെ തിരിച്ചുപോക്കാണ് നടക്കുക. സ്വപ്നയും സംഘവും സ്വര്‍ണക്കടത്തു വഴി സമ്പാദിച്ച പണം ബാങ്ക് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഡോളറാക്കി വിദേശത്തേക്കു കടത്തിയെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു.ഡോളര്‍ കടത്തില്‍ യുഎഇ കോണ്‍സുലേറ്റിലേക്ക് അന്വേഷണം വ്യാപിപ്പിക്കാന്‍ ധനകാര്യമന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണ്. ലോക്ക്ഡൗണ്‍ സമയത്ത് യാത്ര ചെയ്ത ആറ് വിദേശ പൗരന്മാരുടെ വിവരം കസ്റ്റംസ് ശേഖരിക്കുന്നുണ്ട്. അതേസമയം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍, സ്വപ്‌ന സുരേഷ്, സരിത്ത് എന്നിവരെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും. കസ്റ്റംസ് ആണ് ചോദ്യം ചെയ്യുന്നത്. കേസില്‍ ശിവശങ്കറിന്റെ പങ്ക് വ്യക്തമാക്കുന്നതിനും ഉന്നതരെ കുറിച്ച് തെളിവ് ലഭിക്കുന്നതിന് വേണ്ടിയുമാണ് ചോദ്യം ചെയ്യല്‍.

യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ കസ്റ്റംസ് ഇന്നലെ ചോദ്യം ചെയ്തിരുന്നു. സ്വപ്‌ന അടക്കമുള്ള പ്രതികള്‍ക്ക് കൈക്കൂലിയായ നാലര കോടി ഡോളര്‍ നല്‍കിയ വിവരം സന്തോഷ് ഈപ്പന്‍ കസ്റ്റംസിനെ അറിയിച്ചു. കേസില്‍ ഇനിയും കൂടുതല്‍ ഉന്നതരെ ചോദ്യം ചെയ്യാനും സാധ്യതയുണ്ടെന്ന് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here