കൊച്ചി : ഓടുന്ന കാറിന് പിന്നിൽ ജീവനുള്ള നായയെ കെട്ടിവലിച്ചു കൊണ്ടു പോയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. നെടുമ്പാശ്ശേരി പുത്തൻവേലിക്കര സ്വദേശി യൂസഫിനെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ നേരത്തെ ഇയാൾക്കെതിരെ ചെങ്ങമനാട് പോലീസ് കേസ് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.നായയെ കെട്ടിവലിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പും കേസ് രജിസ്റ്റര്‍ ചെയ്തു. മോട്ടോര്‍ വാഹന നിയമപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. വാഹനം കസ്റ്റഡിയില്‍ എടുക്കുയും ചെയ്തു. കൂടാതെ, ഡ്രൈവറുടെ ലൈസന്‍സിനെതിരെ നടപടിക്ക് ശുപാര്‍ശ നല്‍കിയതായും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.
മനുഷ്യന് എന്ന പദത്തിന്റെ അര്‍ത്ഥം തന്നെ ചോദ്യ ചിഹ്നമാക്കുന്ന ചില മനുഷ്യര്‍ എന്നാണ് സംഭവത്തെ മോട്ടോര്‍ വാഹനവകുപ്പ് വിശേഷിപ്പിച്ചത്. ടാര്‍ റോഡിലൂടെ സ്വന്തം കാറില്‍ ജീവനുള്ള നായയെ കെട്ടിവലിച്ച സംഭവത്തെക്കുറിച്ച് മറ്റെന്ത് വിശേഷിപ്പിക്കാനാണ്- മോട്ടോര്‍ വാഹന വകുപ്പ്

വെള്ളിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അറസ്റ്റിനാസ്പദമായ സംഭവം. അതിവേഗം പോവുകയായിരുന്ന കെ.എൽ.ജെ. 6379 നമ്പർ ടാക്സി കാറിന്റെ പിറകിലായിരുന്നു നായയെ കെട്ടിയിട്ടത്. നായയെ കെട്ടിവലിച്ചു കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ ബൈക്ക് യാത്രികനായ യുവാവ് സാമൂഹിക മാദ്ധ്യമത്തിൽ പോസ്റ്റ് ചെയ്തതോടെയാണ് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവം പുറത്തറിഞ്ഞത്. തുടർന്ന് പോലീസ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 428, 429 എന്നീ വകുപ്പുകൾ പ്രകാരവും, മൃഗങ്ങൾക്കെതിരായ കുറ്റകൃത്യങ്ങൾ തടയൽ നിയമ പ്രകാരവുമാണ് ഇയാൾക്കെതിരെ കേസ് എടുത്തത്.