ദുരൂഹത… നെടുമ്പാശ്ശേരിയില്‍ നിന്നു അപ്രത്യക്ഷനായ പ്രവാസി മരിച്ചു, ആശുപത്രിയിലെത്തിച്ചത് രക്തം വാര്‍ന്ന മുറിവുകളുമായി

പാലക്കാട് | നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയശേഷം ദുരൂഹ സാഹചര്യത്തില്‍ അപ്രത്യക്ഷനായ പ്രവാസി, അഗളി സ്വദേശി മരിച്ചു. വെട്ടേറ്റ് രക്തം വാര്‍ന്നു വഴിയരികില്‍ കിടന്ന അഗളി വാക്യത്തൊടി അബ്ദുള്‍ ജലീലിനെ(42) കഴിഞ്ഞ ദിവസം പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചിരുന്നു.

നെടുമ്പാശേരിയില്‍ നിന്നു അപ്രത്യക്ഷനായി നാലാം ദിനത്തിലാണ് അബോധാവസ്ഥയില്‍ ഇയാളെ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ച വിവരം നെറ്റ് കോളിലൂടെ ഒരാള്‍ ഭാര്യയെ വിളിച്ച് അറിയിക്കുകയായിരുന്നു. ജിദ്ദയില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുന്ന ജലീല്‍ 15നു രാവിലെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയത്.

സുഹൃത്തിനൊപ്പം പെരിന്തല്‍മണ്ണയിലേക്കു എത്തുമെന്ന് ജലീല്‍ അറിയിച്ചതിനെ തുടര്‍ന്ന് ഭാര്യയും ഉമ്മയും അവിടെയെത്തി. എന്നാല്‍, വൈകുമെന്നും വീട്ടിലേക്കു മടങ്ങിക്കൊള്ളാനും ജലീല്‍ അറിയിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. അടുത്ത ദിവസം വരെ കാത്തിരുന്നിട്ടും ജലീല്‍ വീട്ടിലെത്തിയില്ല. 16നു രാത്രി അവസാനമായി ഭാര്യയെ വിളിക്കുമ്പോള്‍ അടുത്ത ദിവസം എത്തുമെന്നും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെങ്കില്‍ പിന്‍വലിക്കണമെന്നും ജലീല്‍ പറഞ്ഞിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here