ഇ.ഡിക്കെതിരായ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് സ്റ്റേ ഇല്ല; അറസ്റ്റ് പാടില്ലെന്ന് ഹൈക്കോടതി

കൊച്ചി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് എതിരായ ക്രൈം ബ്രാഞ്ച് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. എന്നാൽ കോടതിയുടെ അന്തിമ ഉത്തരവ് വരുന്നതുവരെ അറസ്റ്റ് അടക്കമുള്ള കടുത്ത നടപടികള്‍ പാടില്ലെന്നും നിർദ്ദേശമുണ്ട്.  എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഇ.ഡിയുടെ ഹര്‍ജിയില്‍ ഈ മാസം 16നാണ് കോടതി ഉത്തരവ് പറയുക. സന്ദീപിന്‍റെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ അനുമതി നല്‍കണമെന്ന ക്രൈംബ്രാഞ്ചിന്‍റെ ആവശ്യം കോടതി അംഗീകരിച്ചില്ല.

ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ സന്ദീപ് പരാതിയുമായി വന്നതിന് പിന്നില്‍ ക്രൈംബ്രാഞ്ചാണെന്നാണ് ഇഡിയുടെ വാദം. ഇഡി ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയുടെ പേരുപറയാൻ നിർബന്ധിച്ചെന്ന പരാതി സന്ദീപ് മുൻപെവിടെയും പറഞ്ഞിട്ടില്ല. പരാതികളുണ്ടോയെന്ന് പല തവണ കോടതി ചോദിച്ചപ്പോഴും ഇല്ലാ എന്നായിരുന്നു സന്ദീപിന്‍റെ മറുപടി.

എട്ട് മാസത്തിനു ശേഷം സന്ദീപ് പരാതിയുമായി വന്നതിന് പിന്നിൽ ഉന്നതരുടെ പ്രേരണയുണ്ടെന്നാണ് ഇഡി വ്യക്തമാക്കുന്നത്. ക്രൈംബ്രാഞ്ചിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് എന്‍ഫോഴ്‍സ്‍മെന്‍റ് ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. ഇഡി ഉദ്യോഗസ്ഥർക്കെതിരായ കേസ് ചോദ്യംചെയ്തുള്ള ഹർജി ഹൈക്കോടതിയിൽ നിലനിൽക്കവെ വീണ്ടും ക്രൈംബ്രാഞ്ച് കേസെടുത്തത് കോടതിയലക്ഷ്യമെന്നാണ് ഇഡിയുടെ വാദം.

സംസ്ഥാന സര്‍ക്കാര്‍ ഉന്നയിച്ച വാദഗതികള്‍ക്ക് മറുപടിയായി ഇ.ഡി. സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ക്രൈം ബ്രാഞ്ച് ഇ.ഡിക്കെതിരേ വ്യാജ തെളിവുകള്‍ ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കുന്നു എന്നാണ് ഇ.ഡിയുടെ പ്രധാന ആരോപണം. സന്ദീപ് നായരുടെ കത്തിനു പിന്നല്‍ ഉന്നതരാണെന്നും നിലവില്‍ നടന്നു കൊണ്ടിരിക്കുന്ന കള്ളപ്പണക്കേസ് അന്വേഷണം വഴിതെറ്റിക്കാനുളള ശ്രമമാണ് നടക്കുന്നതെന്നും ഇഡി ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here