കൊച്ചി: പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന ശരത് ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സി.ബി.ഐ അന്വേഷണം ഉന്നതരിലേക്ക്. മുന്‍ എം.എല്‍.എ കെ.വി. കുഞ്ഞിരാമനടക്കം പത്തു പേരെ കൂടി പ്രതിചേര്‍ത്തുവെന്ന് സി.ബി.ഐ കോടതിയെ അറിയിച്ചു.

കഴിഞ്ഞ ദിവസ അറസ്റ്റു ചെയ്ത അഞ്ചു സി.പി.എം പ്രവര്‍ത്തകരെ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് പുതിയ പ്രതികളുടെ പട്ടികയും പുറത്തുവന്നത്. സി.പി.എം കാസര്‍കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ് കുഞ്ഞിരാമന്‍. ഇവരുടെ അറസ്റ്റു നടപടികളിലേക്കു കടക്കുകയാണെന്ന് സി.ബി.ഐ കോടതിയില്‍ വ്യക്തമാക്കി. പെരിയ ഇരട്ടകൊലപാതകം പാര്‍ട്ടി അറിഞ്ഞല്ലെന്ന് സി.പി.എം കാസര്‍കോട് ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണന്‍ പ്രതികരിച്ചു. രാഷ്ട്രീയ മുതലെടുപ്പിനു സി.ബി.ഐ കൂട്ടുനിന്നുവെന്നും അദ്ദേഹം ആരോപിച്ചു. കോണ്‍ഗ്രസ് പറഞ്ഞവരെയാണ് സി.ബി.ഐ പ്രതിചേര്‍ത്തതെന്നും അദ്ദേഹം പറഞ്ഞു.

2019 ഫെബ്രുവരി 17നാണ് ഇരട്ടക്കൊല നടന്നത്. നേരത്തെ കേസ് അന്വേഷിച്ച ക്രൈം ബ്രാഞ്ച് 14 പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ പ്രതികളുടെ എണ്ണം 24 ആയി.

LEAVE A REPLY

Please enter your comment!
Please enter your name here