രണ്ടു പേരുടെ നില ഗുരുതരം, 200 പേര്‍ക്കെതിരെ കേസ്

0
1

കാസര്‍കോട്: കാസര്‍കോട് ചേറ്റുകുണ്ടില്‍ വനിതാ മതിലിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ 2 പേരുടെ നില ഗുരുതരമായി തുടരുന്നു. 200 പേര്‍ക്കെതിരെ കേസെടുത്തു. ജില്ലയില്‍ കനത്ത പൊലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

ചേറ്റുകുണ്ടില്‍ ഉണ്ടായ അക്രമം നിയന്ത്രിക്കാന്‍ പോലീസ് അഞ്ച് റൗണ്ട് ആകാശത്തേക്ക് വെടിവച്ചു. വനിതാ മതിലിനിടെ ഒരു വിഭാഗം ബി ജെ പി ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ റോഡ് കൈയേറി പ്രതിഷേധിക്കുകയായിരുന്നു. മതില്‍ തീര്‍ക്കാന്‍ സാധിക്കാതെ വന്നതോടെ സംഘര്‍ഷമുണ്ടാവുകയായിരുന്നു. സ്ഥലത്ത് തീ ഇട്ട് പുകച്ചാണ് വനിതാ മതിലിനെത്തിയവരെ പ്രവര്‍ത്തകര്‍ തടഞ്ഞത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും ആക്രമണം ഉണ്ടായിരുന്നു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് ഗ്രനേഡ് പ്രയോഗിച്ചു.

കാസര്‍കോട് മായിപ്പാടിയില്‍ മതിലില്‍ പങ്കെടുത്ത് മടങ്ങിയവര്‍ക്കുനേരെയും അക്രമം ഉണ്ടായിരുന്നു. അക്രമികള്‍ ബസിന് നേരെ കല്ലേറിഞ്ഞു. മധൂര്‍ കുതിരപ്പാടിയില്‍ വച്ചുണ്ടായ അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ കന്തലിലെ ഇസ്മായിലിന്റെ ഭാര്യ അവ്വാബി (35)യെയും പുത്തിഗെയിലെ സരസ്വതിയെയുമാണ് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പുത്തിഗെയിലെ അമ്പുവിന്റെ മകള്‍ ബിന്ദു (36), പെര്‍ളാടത്തെ മായിന്‍കുഞ്ഞിയുടെ മകന്‍ പി എം അബ്ബാസ് (45) എന്നിവരെ ജനറല്‍ ആശുപത്രിയിലെ പ്രാഥമിക പരിശോധനക്ക് ശേഷം കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവ്വാബിയുടെയും സരസ്വതിയുടെയും തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്.

LEAVE A REPLY

Please enter your comment!
Please enter your name here