ഓൺലൈൻ ക്ലാസിൽ പങ്കെടുത്തില്ല, പഠിക്കുന്നില്ല; 12കാരനെ അച്ഛൻ തീകൊളുത്തി കൊന്നു

ഹൈദരാബാദ്: പഠനത്തിൽ ശ്രദ്ധിക്കാത്തതിന് സ്കൂള്‍ വിദ്യാര്‍ഥിയെ പിതാവ് തീ കൊളുത്തി കൊന്നതായി റിപ്പോര്‍ട്ട്. ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിൽ കഴിഞ്ഞ കുട്ടി കഴിഞഞ ദിവസമാണ് ഹൈദരാബാദിലെ ആശുപത്രിയിൽ വെച്ച് മരിച്ചത്. സംഭവത്തിൽ കുട്ടിയുടെ അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ഞായറാഴ്ച രാത്രിയിലാണ് 12കാരനായ ആര്‍ ചരണിനെ പിതാവ് ബാലു തീ കൊളുത്തിയത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. 60 ശതമാനത്തോളം പൊള്ളലേറ്റ കുട്ടി വ്യാഴാഴ്ച ഹൈദരാബാദിലെ ഗാന്ധി ആശുപത്രിയിൽ വെച്ച് മരിക്കുകയായിരുന്നു. പഠനത്തിൽ ശ്രദ്ധിക്കാത്തതിനും

ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാത്തതിനുമാണ് കുട്ടിയെ പിതാവ് ആക്രമിച്ചതെന്നാണ് ഇന്ത്യ ടിവി റിപ്പോര്‍ട്ട്. സൈബരാബാദ് പോലീസ് കമ്മീഷണറേറ്റിനു കീഴിൽ കുകട്പള്ളി ഹൗസിങ് കോളനിയിലുള്ള സ്വകാര്യ സ്കൂളിനോടു ചേര്‍ന്ന് കുടുംബം താമസിക്കുന്ന കടിലിലായിരുന്നു സംഭവമുണ്ടായത്. കുട്ടിയുടെ അമ്മ ഈ സ്കൂളിലെ അറ്റൻഡറായി ജോലി ചെയ്യുകയായിരുന്നു.

മദ്യപിച്ചു ബോധരഹിതനായി വീട്ടിലെത്തിയ ബാലു ആറാം ക്ലാസുകാരനായ ചരണിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. പഠനത്തിൽ ശ്രദ്ധിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. കുട്ടിയുടെ അമ്മ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് കുട്ടിയുടെ ദേഹത്ത് ടര്‍പൻ്റൈൻ ഓയിൽ ഒഴിച്ച ശേഷം തീകൊളുത്തുകയായിരുന്നു.

ദേഹത്തു തീ പടര്‍ന്നതിനെ തുടര്‍ന്ന് പുറത്തേയ്ക്ക് ഓടിയ കുട്ടിയെ തടഞ്ഞു നിര്‍ത്തിയ പ്രദേശവാസികള്‍ ഉടൻ തീകെടുത്തിയ ശേഷം ആശുപത്രിയിലെത്തിക്കുകയായിരുന്നു. സംഭവത്തിനു പിന്നാലെ പ്രതിയായ ബാലുവിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഒരു ബൈക്ക് വര്‍ക്ക് ഷോപ്പിൽ ജോലി ചെയ്യുകയായിരുന്ന കുട്ടിയെ 2019ൽ പോലീസ് ഓപ്പറേഷൻ സ്മൈൽ എന്ന പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയിൽ കണ്ടെത്തി രക്ഷപെടുത്തിയതാണ്. ഇതിനു ശേഷം കുട്ടിയുടെ മാതാപിതാക്കള്‍ക്ക് പോലീസ് കൗൺസിലിങ് നല്‍കുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here