ബാങ്കിന്റെ നഷ്ടം 40 കോടി, പഞ്ചാബിലെ ആം ആദ്മി എം.എല്‍.എയുടെ വീട്ടില്‍ റെയ്ഡ്

ന്യൂഡല്‍ഹി | 40 കോടിയുടെ തട്ടിപ്പു കേസില്‍ പഞ്ചാബിലെ ആംആദ്മി പാര്‍ട്ടി എം.എല്‍.എ.യുടെ വീട്ടില്‍ സി.ബി.ഐ. റെയ്ഡ്. എ.എ.പി എം.എല്‍.എ ജസ്വന്ത് സിങ് ഗജന്‍ മജ്രയുടെ വീട് ഉള്‍പ്പെടെ മൂന്നിടങ്ങളിലാണ് പരിശോധന നടന്നത്. ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് 40.92 കോടി തട്ടിപ്പ് നടത്തിയ കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത ശേഷമാണ് അന്വേഷണം.

വിവിധ വ്യക്തികളുടെ ഒപ്പിട്ട 94 ബ്ലാങ്ക് ചെക്കുകള്‍, ആധാര്‍ കാര്‍ഡ് എന്നിവ പിടിച്ചെടുത്തു. പണമായി 16.57 ലക്ഷം രൂപയും വിദേശ കറന്‍സിയായി 88 നോട്ടുകളും വസ്തുവകകളുടെ വിവരങ്ങളടങ്ങിയ വിശദാംശങ്ങള്‍ ബാങ്ക് രേഖകള്‍ തുടങ്ങിയവ പിടിച്ചെടുത്തതായി സി.ബി.ഐ. വക്താവ് ആര്‍.സി ജോഷി പറഞ്ഞു.

ബാങ്ക് ഓഫ് ഇന്ത്യയുടെ പരാതിയിലാണ് സി.ബി.ഐ കേസ് രജിസ്റ്റ്റ്റര്‍ ചെയ്തത്. അമര്‍ഗഡില്‍ നിന്നുള്ള എം.എല്‍.എയാണ് ജസ്വന്ത് സിങ്. എം.എല്‍.എയുടെ നേതൃത്വത്തിലുള്ള സ്ഥാപനത്തിനെതിരേയും കേസെടുത്തിട്ടുണ്ട്. എം.എല്‍.എയുടെ സഹോദരന്‍മാരായ ബല്‍വന്ത് സിങ്, കുല്‍വന്ത് സിങ് അനന്തരവന്‍ തെജീന്ദര്‍ സിങ്, മറ്റ് ഡയറക്ടര്‍മാര്‍ എന്നിവര്‍ക്കെതിരേയും കേസെടുത്തു.

തന്റെ സ്ഥാപനത്തിന്റെ പേരില്‍ ലോണെടുത്ത എം.എല്‍.എ മറ്റ് ആവശ്യങ്ങള്‍ക്കാണ് പണം ഉപയോഗിച്ചതെന്നും സി.ബി.ഐ വക്താവ് പറയുന്നു. 2011 – 2014 കാലയളവില്‍ നാല് തവണയായാണ് ലോണ്‍ എടുത്തത്. മൊത്തം 40.92 കോടിയുടെ നഷ്ടമുണ്ടായെന്ന് കാണിച്ചാണ് ബാങ്കിന്റെ പരാതി.

LEAVE A REPLY

Please enter your comment!
Please enter your name here