ശബരിമല വെളിപ്പെടുത്തല്‍: ശ്രീധരന്‍പിള്ളയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

0

കോഴിക്കോട്: ശബരിമല വിവാദ പ്രസംഗത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ളക്കെതിരേ കേസെടുത്തു. ജാമ്യമില്ല വകുപ്പ് പ്രകാരം കോഴിക്കോട് കസബ് പൊലീസാണ് കേസെടുത്തിരിക്കുന്നത്. യുവമോര്‍ച്ച സംസ്ഥാനസമിതിയോഗത്തിലെ പ്രസംഗത്തിന്റെ പശ്ചാത്തലത്തില്‍ ശ്രീധരന്‍ പിള്ളക്കെതിരേ മതവികാരം ഇളക്കിവിടുന്നതിനെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് കൊച്ചിയിലും കോഴിക്കോടും പരാതികള്‍ ലഭിച്ചിരുന്നു. മാധ്യമപ്രവര്‍ത്തകനായ ഷൈബിന്‍ നന്‍മണ്ടയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

തന്ത്രിയെയും പ്രവര്‍ത്തകരെയും ശ്രീധരന്‍ പിള്ള കോടതിയലക്ഷ്യത്തിന് പ്രേരിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നുണ്ട്. ഐപിസി 505(1) ബി വകുപ്പാണ് ശ്രീധരന്‍പിള്ളക്കെതിരേ ചുമത്തിയിരിക്കുന്നത്. മൂന്നുവര്‍ഷം വരെ കഠിനതടവ് ലഭിക്കുന്ന കുറ്റമുള്‍പ്പടെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പൊതുഇടത്തില്‍ ജനങ്ങളെ പരിഭ്രാന്തരാക്കുകയും കലാപത്തിന് ആഹ്വാനം ചെയ്തുവെന്നുമാണ് ചുമത്തിയിരിക്കുന്ന കുറ്റം.

പ്രസംഗം പൂര്‍ണമായും പരിശോധിച്ചതിനു ശേഷമാണ് കേസെടുത്തിരിക്കുന്നത്. പ്രസംഗത്തിന്റെ പലഭാഗങ്ങളിലും കലാപത്തിന് ആഹ്വാനം ചെയ്യുന്ന ഭാഗങ്ങളുണ്ടെന്നാണ് പൊലീസ് പറയുന്നത്. തുലാമാസ പൂജയുടെ സമയത്ത് നട അടക്കുമെന്ന തന്ത്രി കണ്ഠരര് രാജീവരുടെ നിലപാട് തന്റെ ഉറപ്പിന്റെ ബലത്തിലായിരുന്നുവെന്നാണ് യുവമോര്‍ച്ച സമ്മേളനത്തില്‍ ശ്രീധരന്‍ പിള്ള പറഞ്ഞത്.

നമ്മുടെ അജണ്ടയില്‍ എല്ലാവരും വീണുവെന്നും കൃത്യമായ ആസൂത്രണത്തോടെയുള്ള ബിജെപി പ്ലാനാണ് ശബരിമല പ്രതിഷേധത്തില്‍ നടന്നത്. ഇതൊരു സമസ്യയാണെന്നും ബിജെപിക്ക് കേരളത്തില്‍ സജീവമാകാനുള്ള സുവര്‍ണാവസരമാണ് ഇതെന്നും ശ്രീധരന്‍പിള്ള വിവാദ പ്രസംഗത്തില്‍ പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here