അഴിക്കുള്ളിലായ ആദ്യ ബിഷപ്പിനെ പാര്‍പ്പിച്ചിടമായി പാലാ സബ് ജയില്‍ മാറി, ഫ്രാങ്കോ 5968 നമ്പര്‍ തടവുകാരന്‍

0

പാലാ: ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്യപ്പെട്ടതോടെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പാലാ സബ് ജയിലിലെത്തിച്ചു. 5968 നമ്പര്‍ തടവുപുള്ളിയായി ജയിലിലെ ഏഴു സെല്ലുകളില്‍ മൂന്നാമത്തേതിലാണ് ആദ്യ ദിവസം ഫ്രാങ്കോയ്ക്ക് കഴിയേണ്ടി വരുക.

ബിഷപ്പിനെയും വഹിച്ചുകൊണ്ടുള്ള വാഹനം ജയിലില്‍ എത്തുന്നതും കാത്ത് വലിയ ജനക്കൂട്ടവും മാധ്യമ പ്രവര്‍ത്തകരും ജയിലിനു മുന്നിലുണ്ടായിരുന്നു. ഇവര്‍ക്കു നടുവിലൂടെ മുന്നോട്ടു നീങ്ങി പ്രധാന കവാടത്തില്‍ സാധാരണ ദേഹ പരിശോധനയ്ക്കു വിധേയനായശേഷമാണ് ഫ്രാങ്കോ ഉള്ളില്‍ പ്രവേശിച്ചത്.

ജയില്‍ സൂപ്രണ്ടിന്റെ മുറില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം ആദ്യം രണ്ടാം സെല്ലിലേക്കും അവിടെ നിന്ന് മൂന്നാം സെല്ലിലേക്കും ഫ്രാങ്കോയെ മാറ്റി. ഉച്ചഭക്ഷണം കഴിച്ചിട്ടില്ലാത്തതിനാല്‍, ചോറും മീന്‍കറിയും അവിയലും അച്ചാറും അടങ്ങിയ ഭക്ഷണം നല്‍കിയശേഷമാണ് ബിഷപ്പിനെ സെല്ലിലേക്ക് മാറ്റിയത്. പ്ലേറ്റും ഗ്ലാസും കമ്പിളി പുതപ്പും പായയും സെല്ലില്‍ ബിഷപ്പിന് ലഭിക്കും. റിമാന്‍ഡ് പ്രതിയായതിനാല്‍ സ്വന്തം വസ്ത്രം ധരിക്കാം. ജുബ്ബയ്ക്കും പാന്റിനുമൊപ്പം ഉപയോഗിച്ചിരുന്ന ബെല്‍റ്റ് അധികൃതര്‍ വാങ്ങി.

വ്യാഴാഴ്ചയാണ് ബിഷപ്പിന്റെ ജാമ്യ ഹര്‍ജി ഹൈക്കോടതി ഇനി പരിഗണിക്കുന്നത്. അതുവരെ സബ് ജയിലില്‍ തുടരേണ്ടി വരും.

LEAVE A REPLY

Please enter your comment!
Please enter your name here