വാഗ്ദാനം ഡോളറും റിയാലും, തട്ടുന്നത് ലക്ഷങ്ങള്‍… ബംഗ്ലാദേശ് സംഘം കുടുങ്ങി

0

കണ്ണൂര്‍: അമേരിക്കന്‍ ഡോളറും സൗദി റിയാലുമുള്‍പ്പെടെ നല്‍കാമെന്ന് ധരിപ്പിച്ച് പണം തട്ടിയെടുക്കുന്ന ബംഗ്ലാദേശ് സംഘത്തെ കണ്ണൂര്‍ സിറ്റി പോലീസ് കുടുക്കി. പിടികൂടിയ നാലംഗ സംഘത്തില്‍ ഒരു സ്ത്രീ കൂടിയുണ്ട്.

ആയിക്കരയിലെ വാടക ക്വാട്ടേഴ്‌സില്‍ നിന്നാണ് ഇവര്‍ പൊലീസ് പിടിയിലായത്. ബംഗ്ലാദേശില്‍ നിന്നും അതിര്‍ത്തി കടന്ന് ബംഗാളിലെത്തുകയും അവിടെ നിന്ന് ട്രെയിന്‍ മാര്‍ഗ്ഗം കണ്ണൂരിലെത്തിയെന്നുമാണ് വിവരം. കഴിഞ്ഞ മൂന്ന് മാസമായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ണുവെട്ടിച്ച് ഈ സംഘം ആയിക്കരയില്‍ താമസിച്ചു വരികയാണ്.

ബംഗ്ലാദേശിലെ ബാഗര്‍ഗട്ടിലെ ചോട്ടാബാദിറയില്‍ മുഹമ്മദ് സൈഫുദ്ദീന്‍ ഇസ്ലാം (25), മൊദൂര്‍ഗഞ്ച് ഡങ്കിബങ്കയിലെ റസാഖ് ഖാന്‍ (24), മാതാറിളഫറിലെ ഷിബ്‌സോറിന്‍ മുഹമ്മദ് ലബ്ലു (45), കുന്നാറിലെ ബേബി ബീഗം (40) എന്നിവരെയാണ് ആയിക്കരയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ വച്ച് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പോലീസ് പിടിയിലാകുമ്പോള്‍ ഇവരുടെ കയ്യില്‍ 20 രൂപയുടെ 21 അമേരിക്കന്‍ ഡോളര്‍, 100 രൂപയുടെ 15 സൗദി റിയാല്‍, 50 രൂപയുടെ 2 റിയാല്‍, 500 രൂപയുടെ ഒരു റിയാല്‍, ബംഗലൂരു മേല്‍വിലാസത്തിലുള്ള 2 ഇന്ത്യന്‍ ആധാര്‍കാര്‍ഡ്, ഡല്‍ഹി അഡ്രസ്സിലുള്ള ഒരു ആധാര്‍കാര്‍ഡ്, ഒരു പാന്‍കാര്‍ഡ് എന്നിവക്ക് പുറമെ 54,240 രൂപയും ഇവരുടെ കയ്യില്‍ ഉണ്ടായിരുന്നു.

പേപ്പര്‍ കെട്ടിന് മുന്നിലും പിന്നിലുമായി ഡോളര്‍വെച്ച് ആവശ്യക്കാരെ പറ്റിക്കുന്ന തരത്തിലായിരുന്നു ഇവരുടെ തട്ടിപ്പ്. പണം നല്‍കിയ പലരും തട്ടിപ്പിന് ഇരയായെങ്കിലും നാണക്കേട് ഓര്‍ത്ത് പുറത്ത് പറഞ്ഞിരുന്നില്ല. പ്രതികള്‍ ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ പണവുമായെത്തുന്ന ഇവര്‍ സംശയത്തിന്റെ പേരില്‍ പണം നല്‍കാതെ തിരിച്ചുപോകാന്‍ ശ്രമിച്ചാല്‍ ഇവരെ അക്രമിച്ച് പണം കവര്‍ച്ച ചെയ്യുന്നതും സംഘത്തിന്റെ രീതിയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇത്തരം പിടിച്ചുപറിയുമായി രണ്ടുപേരുടെ പരാതികള്‍ ഇപ്പോള്‍ പൊലീസില്‍ എത്തിയിട്ടുണ്ട്.

നിയമവിരുദ്ധമായ ഈ ഇടപാടില്‍ വഞ്ചിതരാകുന്നവര്‍ പരാതി നല്‍കാന്‍ തയ്യാറാകാറില്ല. അത് മുതലെടുത്താണ് ഇവര്‍ തട്ടിപ്പിന്റെ പുതിയ മേച്ചില്‍ പുറങ്ങള്‍ തേടുന്നത്. കണ്ണൂരിലും തളിപ്പറമ്പിലുമുള്ള ചിലര്‍ ഇവരുടെ തട്ടിപ്പിനിരയായതായി വിവരമുണ്ട്. ഇത്തരത്തില്‍ വന്‍ ഇന്ത്യന്‍ കറന്‍സി സംഘം കൈക്കലാക്കിയിട്ടുണ്ടെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here