കാട്ടില്‍ നിന്നു പിടിച്ചു, ജീപ്പില്‍ കള്ളനെന്നു വിളിച്ച് അടിക്കുകയും ചവിട്ടുകയും ചെയ്തുവെന്ന് മധുവിന്റെ മൊഴി

0

പാലക്കാട്: കാട്ടില്‍ നിന്ന് പിടികൂടിയവര്‍ ജീപ്പില്‍ കയറ്റിശേഷം കള്ളനെന്നു വിളിക്കുകയും അടിക്കുകയും ചവിട്ടുകയും ചെയ്തുവെന്ന് അട്ടപ്പാടി മുക്കാലിയില്‍ മര്‍ദ്ദനമേറ്റ ആദിവാസി യുവാവ് മധു മരിക്കുന്നതിനു മുമ്പുനല്‍കിയ മൊഴി. കാട്ടില്‍ നിന്നു തന്നെ പിടികൂടിയവരുടെ പേരും മധു പോലീസിനോട് പറഞ്ഞിട്ടുണ്ട്. ഹുസൈന്‍, മത്തച്ചന്‍, മനു, അബ്ദുള്‍ റഹ്മാന്‍, അബ്ദുള്‍ ലത്തീഫ്, അബ്ദുള്‍ കരീം, എ.പി. ഉമ്മര്‍ എന്നിവരുടെ പേരുകളാണ് പോലീസ് എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഇതില്‍ ഹുസൈനും കരീമും പോലീസ് കസ്റ്റഡിയിലാണ്. മൊഴി നല്‍കി അധികം കഴിയും മുമ്പേ മധു മരിച്ചു.
മധുവിന്റെ മരണത്തെ തുടര്‍ന്ന് അട്ടപ്പാടിയില്‍ പ്രതിഷേധം ശക്തമാവുകയാണ്. മധുവിന്റെ മൃതദേഹവുമായി പോസ്റ്റുമോര്‍ട്ടത്തിനു തിരിച്ച ആംബുലന്‍സ് നാട്ടുകാര്‍ തടഞ്ഞു. പ്രതികളെ മുഴുവന്‍ പിടിച്ചശേഷം മതി പോസ്റ്റുമോര്‍ട്ടമെന്നായിരുന്നു ബന്ധുക്കളുടെയം നാട്ടുകാരുടെയും നിലപാട്.
പോലീസ് കൈക്കൊണ്ട നടപടികള്‍ വിശദീകരിക്കുകയും പ്രതികളെ സമരക്കാരുടെ പ്രതിനിധികളെ കാണിക്കാമെന്ന് ഉറപ്പു നല്‍കുകയും ചെയ്തശേഷമാണ് സമരക്കാര്‍ വാഹനം വിട്ടത്. സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു. ഐ.ജി. എം.ആര്‍.അജിത് കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here