പാലക്കാട്: പാലക്കാട്ട് പ്രണയിച്ചു വിവാഹം കഴിച്ചതിന്റെ പേരില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. അനീഷിന്റെ കൊലപാതകത്തില്‍ അറസ്റ്റിലായ പ്രതികള്‍ക്ക് ക്രിമിനല്‍ പാശ്ചാത്തലം. അനീഷിന്റെ ഭാര്യ ഹരിതയുടെ അമ്മാവന് സുരേഷിന്റെയും പിതാവ് പ്രഭുകുമറിന്റെയും പേരില്‍ വേറെയും കേസുകള്‍ നിലവിലുണ്ട്. ഒരു വര്‍ഷം മുമ്ബ് പ്രദേശത്തെ കോളനി നിവാസികളെ വാള് ഉപയോഗിച്ച് വെട്ടിയ കേസില്‍ ഇരുവരും ജയിലില്‍ കിടന്നിട്ടുണ്ട്. പണവും സ്വാധീനവും ഉപയോഗിച്ചാണ് പ്രതികള്‍ അന്ന് രക്ഷപെട്ടതെന്ന് അനീഷിന്റെ സഹോദരന് അരുണ്‍ പറഞ്ഞു. കേസിലെ പ്രതികള്‍ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമം നടത്തിയതായി അനീഷിന്റെ അമ്മ രാധ വെളിപ്പെടുത്തി.
സ്ത്രീധനം ചോദിച്ചുവെന്ന് കാണിച്ചു കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിതുടെ കുടുംബം നോട്ടീസയച്ചിരുന്നുവെന്ന് രാധ പറഞ്ഞു. കൊലപാതകത്തിന്റെ സൂത്രധാരന്‍ ഹരിതയുടെ മുത്തച്ഛനാണ്. പ്രതികള്‍ക്കു വധശിക്ഷ തന്നെ നല്‍കണം. ഹരിതയെ സംരക്ഷിക്കുമെന്നും അനീഷിന്റെ അമ്മ പറഞ്ഞു. വെള്ളിയാഴ് ച വൈകുന്നേരം ആറോടെ തേങ്കുറുശി മാങ്കുളത്താണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ഇലമന്ദം ആറുമുഖന്റെ മകന് അനീഷ് (അപ്പു 27) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭാര്യപിതാവ് പ്രഭുകുമാര്‍, ഭാര്യയുടെ അമ്മാവന് സുരേഷ് എന്നിവരെയാണ് കുഴല്‍മന്ദം പോലീസ് അറസ്റ്റുചെയ്തത്. സംഭവത്തിനുശേഷം ഒളിവില്‍ പോയിരുന്ന പ്രഭുകുമാറിനെ മൊബൈല്‍ നന്പര് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ കോയന്പത്തൂരിലെ ബന്ധുവിട്ടില്‍ നിന്നാണു പിടികൂടിയത്. സുരേഷ് നേരത്തേതന്നെ പിടിയിലായിരുന്നു.
കഴിഞ്ഞ സെപ്റ്റംബര്‍ 27നാണ് അനീഷും ഹരിതയും തമ്മിലുള്ള രജിസ്റ്റര്‍ വിവാഹം നടന്നത്. താഴ്ന്ന ജാതിക്കാരനായ അനീഷിനെ വിവാഹം കഴിക്കുന്നതില്‍ പെണ്‍കുട്ടിയുടെ കുടുംബത്തിനു വലിയ എതിര്‍പ്പുണ്ടായിരുന്നു. എതിര്‍പ്പുകളെ മറികടന്നാണ് ഇരുവരും വിവാഹിതരായത്.