തിരുവനന്തപുരം: കൊലപാതകത്തില്‍ അച്ഛനു പങ്കില്ലെന്നു പറയുന്ന അഖില്‍ മറ്റൊന്നു കൂടി അന്വേഷണ ഉദ്യോഗസ്ഥരോടു സമ്മതിച്ചു. രാഖിയെ കൊല്ലുംമുമ്പേ വീട്ടുവളപ്പില്‍ എടുത്തിട്ട കുഴി കുഴിക്കാന്‍ അച്ഛനും സഹായിച്ചിരുന്നു… അമ്പൂരിയില്‍ രാഖിയെ കൊന്നു കുഴിച്ചു മൂടിയ സംഭവത്തില്‍ അഖിലിന്റെ കുടുംബത്തിലെ കൂടുതല്‍ പേര്‍ പ്രതികളാകുമെന്ന സൂചനയാണ് പുറത്തുവരുന്നത്.

വര്‍ഷങ്ങളായി അഖില്‍ രാഖിയുമായി അടുപ്പത്തിലായിരുന്നു. ഇരുവരും വിവാഹിതരുമായി. എന്നാല്‍ മറ്റൊരു വിവാഹത്തിന് അഖില്‍ ഒരുങ്ങിയപ്പോള്‍ രാഖി എതിര്‍ത്തു. നിരന്തരമായി ആത്മഹത്യാ ഭീഷണി മുഴക്കി. മറ്റൊരു വിവാഹം കഴിച്ചാല്‍ സ്വസ്ഥമായി ജീവിക്കാന്‍ അനുവദിക്കില്ലെന്നും പോലീസ് സ്‌റ്റേഷനിലേക്കു പോകുമെന്നും രാഖി വ്യക്തമാക്കി. ഇതോടെയാണ് രാഖിയെ ഇല്ലാതാക്കാന്‍ തീരുമാനിച്ചതെന്നാണ് അഖില്‍ പോലീസിനെ അറിയിച്ചിട്ടുള്ളത്. കാറില്‍ വച്ച് തര്‍ക്കമുണ്ടായപ്പോള്‍ കഴുത്തു ഞെരിച്ച് ബോധം കെടുത്തുകയായിരുന്നു. വീട്ടിലെത്തിച്ചു കയര്‍ കഴുത്തില്‍ മുറുക്കി മരണം ഉറപ്പാക്കിയെന്നും അഖില്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.

ഭീതി വിടര്‍ത്തി കഞ്ചാവ് കച്ചവടവുമായി അമ്പൂരിയെ വിറപ്പിച്ചിരുന്ന കഞ്ചാവ് മണിയന്‍ എന്ന രാജപ്പന്‍ മക്കള്‍ നടത്തിയ കച്ചവടത്തിലൂടെ വീണ്ടും ചര്‍ച്ചയാവുകയാണ്. രാഖിയെ കൊല്ലും മുന്നേതന്നെ കുഴിച്ച് മൂടാനുള്ള കുഴി വീട്ടുവളപ്പില്‍ ഒരുക്കിയിരുന്നു. അഖിലിന്റെ അച്ഛന്‍ മണിയന്‍ വീട്ടില്‍ കുഴി വെട്ടുന്നത് കണ്ടെന്ന് നാട്ടുകാരും മൊഴി നല്‍കിയിട്ടുണ്ട്. കുഴി മരം നടാനാണെന്നാണ് അന്ന് പറഞ്ഞിരുന്നത്.

കഴിഞ്ഞ ദിവസം തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റിലായ അഖില്‍ കൃത്യം നടത്തിയശേഷം പോയത് കാശ്മീരിലേക്കാണ്. ഡല്‍ഹി വിമാനത്താവളത്തില്‍ വച്ചാണ് ഇയാള്‍ പോലീസ് വലയിലാകുന്നത്. അതേസമയം അവധി കഴിഞ്ഞ് അഖില്‍ തിരിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

ഒരുമാസം മുമ്പാണ് പൂവ്വാര്‍ സ്വദേശിയായ രാഖിയെ കാണാതാകുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അമ്പൂരിയിലെ അഖിലിന്റെ വീട്ടില്‍ കൊന്ന് കുഴിച്ച് മൂടിയ നിലയില്‍ പോലീസ് കണ്ടെത്തുന്നതും നാടിനെ ഞെട്ടിച്ച കൊലപാതകത്തിന്റെ ചുരുളഴിയുന്നതും.

LEAVE A REPLY

Please enter your comment!
Please enter your name here