കൊച്ചി: മുന്‍ മിസ് കേരള അടക്കമുള്ളവരുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ ഹോട്ടലുടമ അടക്കമുള്ള ആറു പ്രതികള്‍ക്കും ജാമ്യം. എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അപകടത്തില്‍ മരിച്ചവര്‍ പങ്കെടുത്ത ഡിജെ പാര്‍ട്ടി നടന്ന ഫോര്‍ട്ടു കൊച്ചി നമ്പര്‍ 18 ഹോട്ടലിന്റെ ഉടമ റോയ് ജെ.വയലാട്ട്, ഹോട്ടല്‍ ജീവനക്കാരായ കെ.കെ.അനില്‍, വില്‍സന്‍ റെയ്നോള്‍ഡ്, എം.ബി. മെല്‍വിന്‍, ജി.എ.സിജുലാല്‍, വിഷ്ണുകുമാര്‍ എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്.

കേസിന്റെ നിര്‍ണായക തെളിവുകള്‍ ഉള്‍പ്പെടുന്ന നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് ഒളിപ്പിച്ചത് ഇവരെ അറസ്റ്റ് ചെയ്തത്. ബോധപൂര്‍വമല്ലാത്ത നരഹത്യക്കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. മോഡലുകളുടെ മരണവും സി.സി.ടി.വി ദൃശ്യങ്ങളും തമ്മില്‍ എങ്ങനെ ബന്ധിപ്പിക്കാന്‍ കഴിയുമെന്ന വാദമാണ് പ്രതിഭാഗം കോടതിയില്‍ ഉയര്‍ത്തിയത്. ബന്ധമില്ലെങ്കില്‍ പിന്നെ എന്തിനാണ് സി.സി.ടി.വി നശിപ്പിച്ചത് എന്ന ചോദ്യം പ്രോസിക്യൂഷനും ഉയര്‍ത്തി.

അപകടവുമായി ബന്ധമില്ലെന്ന് ഹോട്ടലുടമ റോയ് ജെ.വയലാട്ട് കോടതിയെ അറിയിച്ചു. അപകടത്തില്‍പ്പെട്ടവര്‍ പണം നല്‍കിയാണ് മദ്യപിച്ചത്. തന്നെയും സ്ഥാപനത്തെയും അപമാനിക്കാനാണ് ശ്രമമെന്നും റോയ് കോടതിയില്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here