കാണാന്‍ പോകുന്നത് ‘അഡ്വക്കേറ്റ് രാമ ലീല’ !!! അഡ്വ. രാമന്‍പിള്ള ദിലീപിന് രക്ഷകനാകുമോ?

0
23

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ ജനപ്രിയ നടന്‍ ദിലീപിന് അഡ്വ. രാമന്‍പിള്ള രക്ഷകനാകുമോ? ദിലീപിനെതിരായ കേസിന്റെ പടനയിച്ച എഡിജിപി: ബി. സന്ധ്യ കളമൊഴിഞ്ഞതും കോടതിയില്‍ കേസിന്റെ മുന്നോട്ടുപോക്കും തെളിയിക്കുന്നത് അഡ്വ. രാമന്‍പിള്ളയുടെ കുശാഗ്രബുദ്ധി.

ബി. സന്ധ്യയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടന്‍ ദിലീപിനെ അറസ്റ്റു ചെയ്തതോടെയാണ് കേസ് കോളിളക്കം സൃഷ്ടിച്ചത്. 85 ദിവസങ്ങള്‍ക്ക് ശേഷമാണ് നടന് പുറംലോകം കാണാനായത്. അഡ്വ. രാമന്‍ പിള്ള കേസ് എടുത്തശേഷമാണ് ദിലീപ് ജാമ്യം ലഭിക്കുന്നതും. കോടതിയില്‍ അദ്ദേഹത്തിന്റെ ഓരോ നീക്കവും അതീവ ശ്രദ്ധയോടെയായിരുന്നൂവെന്നാണ് ഇപ്പോള്‍ കേസുമായി ബന്ധപ്പെട്ടുവരുന്ന ഓരോ വാര്‍ത്തയും തെളിയിക്കുന്നത്.

എഡിജിപി: ബി. സന്ധ്യ സ്വയം പേരെടുക്കാനായി കേസില്‍ അനാവശ്യ തിടുക്കം കാട്ടിയെന്നും നടി മഞ്ജുവാര്യരുടെ സുഹൃത്താണ് ബി. സന്ധ്യയെന്നും അഡ്വ. രാമന്‍പിള്ള വാദിച്ചിരുന്നു. തുടക്കം മുതല്‍ തന്നെ അന്വേഷണസംഘത്തിന്റെ മുഖ്യചുമതല വഹിക്കുന്ന ബി. സന്ധ്യയെ പ്രതിരോധത്തിലാക്കുന്ന ചടുല നീക്കങ്ങളുമായാണ് അഡ്വ. രാമന്‍ പിള്ള മുന്നോട്ടുപോയത്. ദിലീപിന്റെ മൊഴി വീഡിയോയില്‍ റെക്കോഡുചെയ്തപ്പോള്‍ നടി മഞ്ജുവാര്യര്‍ക്കെതിരേ പറയുന്ന പരാമര്‍ശങ്ങള്‍ ഉണ്ടായതോടെ ക്യാമറ ഓഫാക്കിയതായും ദിലീപ് ആരോപിച്ചിരുന്നു. ഈ ഘട്ടത്തിലൊക്കെയും നിലവിലെ അന്വേഷണസംഘത്തില്‍ നിന്ന് നീതി ലഭിക്കില്ലെന്നും പുതിയ സംഘത്തെ നിയോഗിക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടിരുന്നു.

ഇപ്പോള്‍ സര്‍ക്കാര്‍ തന്നെ എഡിജിപിയെ മാറ്റിയിരിക്കുന്നു. പോലീസ് പരിശീലന വിഭാഗത്തിന്റെ ചുമതലയുള്ള എഡിജിപി സ്ഥാനമാണ് ബി.സന്ധ്യയ്ക്ക് ലഭിച്ചിരിക്കുന്നത്. തികച്ചും അപ്രധാനമായ തസ്തികയിലേക്കാണ് മാറ്റമെന്നതാണ് ഞെട്ടിപ്പിക്കുന്നത്. നടന്‍ ദിലീപിന്റെ അറസ്റ്റ്, സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട നിലപാടിതാണെന്ന മട്ടില്‍ സര്‍ക്കാര്‍ പലഘട്ടത്തിലും ഉയര്‍ത്തിക്കാട്ടിയിരുന്നു.

മതിയായ തെളിവുകളില്ലാത്തതിനാല്‍ കോടതിയില്‍ പോലീസിന് വന്‍തിരിച്ചടിയുണ്ടാകുമെന്ന തിരിച്ചറിവാണ് ബി. സന്ധ്യയുടെ സ്ഥാനചലനത്തിനു പിന്നിലെന്നാണ് സൂചന. സ്വാഭാവികമായ നടപടിക്രമങ്ങളുടെ ഭാഗമെന്ന് വിശദീകരിച്ചാലും സന്ധ്യയ്ക്ക് ലഭിച്ച തസ്തികയുടെ പ്രധാന്യം നോക്കിയാല്‍ തന്നെ സര്‍ക്കാരിനുള്ള അതൃപ്തി വ്യക്തമാകുമെന്നാണ് പോലീസിനുള്ളിലെ അടക്കംപറച്ചില്‍.

കുറ്റപത്രം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയതും പോലീസാണെന്ന് ആദ്യമേ വാദിച്ചിരുന്നതും നിര്‍ണ്ണായകമായി. ഇതിനെ സാധൂകരിക്കും വിധം കോടതിയില്‍ നിന്നും അനുകൂല പരാമര്‍ശം നേടാനും അഡ്വ. രാമന്‍പിള്ളക്ക് കഴിഞ്ഞു. ദിലീപിന്റെ പ്രതികാര സ്വഭാവം വ്യക്തമാക്കുന്നതിനായി സിനിമാ മേഖലയുമായി ബന്ധപ്പെട്ട നടീ നടന്‍മാരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഈ ആരോപണങ്ങള്‍ കോടതിയില്‍ നിലനില്‍ക്കുന്നതല്ലെന്നാണ് നിയമവൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ദിലീപിനോട് ശത്രുതയുള്ളവരെ മാത്രം തെരഞ്ഞെടുത്ത് ഇത്തരത്തില്‍ മൊഴി രേഖപ്പെടുത്തുന്നത് ഒരാളുടെ സ്വഭാവം വിലയിരുത്താന്‍ വേണ്ട തെളിവുകളല്ല. പള്‍സര്‍ സുനിയും നടിയും തമ്മില്‍ ഗൂഢാലോചന നടത്തിയെന്ന മട്ടില്‍ മറ്റൊരു പ്രതി മാര്‍ട്ടിന്റെ മൊഴിമാറ്റവും കോടതിയില്‍ ദിലീപിന് അനുകൂലമാകും. അന്വേഷണത്തിന് ചുക്കാന്‍ പിടിച്ച എഡിജിപി തന്നെ തെറിച്ചതോടെ പോലീസിന്റെ തുടര്‍നീക്കങ്ങളും പ്രതിരോധത്തിലായിട്ടുണ്ട്. ഒരറ്റത്ത് അഡ്വ. രാമന്‍ പിള്ളയുടെ കുശാഗ്ര നീക്കങ്ങള്‍ ഫലംകണ്ടുതുടങ്ങിയതിന്റെ സൂചനയാണിത്.

ആദ്യഘട്ടത്തില്‍ അഡ്വ. രാംകുമാറായിരുന്നു ദിലീപിന്റെ കേസ് നടത്തിയിരുന്നത്. ജാമ്യം പോലും കിട്ടാത്തവിധം കരുനീക്കങ്ങള്‍ നടത്തിയ പോലീസിനെ തറപറ്റിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നില്ല. പിന്നേടാണ് കേസ് അഡ്വ. രാമന്‍പിള്ള ഏറ്റെടുക്കുന്നത്. എന്നാല്‍ അമിതപ്രതീക്ഷകളൊന്നും വേണ്ടെന്ന് തുറന്നുപറഞ്ഞാണ് അദ്ദേഹം കേസ് സ്വീകരിച്ചതെന്നാണ് ദിലീപുമായി ബന്ധപ്പെട്ടവര്‍ നല്‍കുന്ന സൂചന. എന്നാല്‍ ഇന്ന് ദിലീപിന്റെ സ്ഥിതി പരുങ്ങലിലല്ല എന്നവിധത്തിലാണ് കേസ് മുന്നോട്ടുപോകുന്നത്. അഡ്വ. രാമന്‍ പിള്ളയുടെ ലീലകളാണ് ഇനി കാണാന്‍ പോകുന്നതെന്ന് ചുരുക്കം.

 

LEAVE A REPLY

Please enter your comment!
Please enter your name here