തിരുവനന്തപുരം: സിസ്റ്റർ അഭയയെ കൊലപ്പെടുത്തിയ കേസിൽ തെളിവ് നശിപ്പിച്ചെന്ന് കരുതുന്ന ക്രൈംബ്രാഞ്ച് മുൻ എസ്.പി കെ ടി മൈക്കിളിനെതിരെ പൊലീസ് കേസെടുത്തേക്കും. മൈക്കിളിനെതിരെ നടപടി വേണമെന്ന സിബിഐ പ്രത്യേക കോടതിയുടെ ഉത്തരവ് പരിശോധിച്ചാകും അന്തിമ തീരുമാനം. ശിക്ഷിക്കപ്പെട്ട തോമസ് എം കോട്ടൂരിനും സിസ്റ്റർ സെഫിയ്ക്കും ജയിലിൽ പ്രത്യേക പരിഗണനയില്ല.

അഭയ കേസിലെ അന്വേഷണം അട്ടിമറിച്ചതിൽ ക്രൈം ബ്രാഞ്ച് മുൻ എസ്.പി കെ.ടി മൈക്കിളിന് നിർണായക പങ്കെന്നാണ് സിബിഐ നിഗമനം. തുടക്കത്തിൽ തന്നെ പൊലീസ് ഇൻക്വസ്റ്റ് റിപ്പോർട്ട് തയ്യാറാക്കിയപ്പോൾ അഭയയുടെ ശരീരത്തിലെ മുറിവടക്കം നിർണായക ഭാഗങ്ങൾ രേഖപ്പെടുത്തിയിരുന്നില്ല. സാക്ഷികളുടെ വ്യാജ ഒപ്പുകളും റിപ്പോർട്ടിലുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതിനൊക്കെ പിന്നിൽ കെ.ടി മൈക്കിളിന്‍റെ ഇടപെടലും ഉണ്ടെന്നാണ് സംശയം. മൈക്കിളിനെതിരെ നടപടി വേണമെന്ന് അഭയ കേസിൽ ശിക്ഷ വിധി പ്രസ്താവിച്ച തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി ഉത്തരവിട്ട പശ്ചാത്തലത്തിലാണ് കേസെടുക്കാൻ സാധ്യതയേറിയത്. നടപടിയെടുക്കാൻ പൊലീസ് മേധാവിക്കാണ് കോടതിയുടെ നിർദ്ദേശം. ഉത്തരവ് പരിശോധിച്ച് തുടർ നടപടി സ്വീകരിക്കാനാണ് പൊലീസ് തീരുമാനം. കേസിൽ ശിക്ഷിക്കപ്പെട്ട ഫാദർ തോമസ് എം. കോട്ടൂരിനും സിസ്റ്റർ സെഫിയ്ക്കും ജയിലിൽ പ്രത്യേക സൗകര്യങ്ങളില്ല.

പൂജപ്പുര സെൻട്രൽ ജയിലിൽ 24 മണിക്കൂറും അധികൃതരുടെ നിരീക്ഷണമുള്ള എട്ടാം ബ്ലോക്കിലാണ് തോമസ് എം കോട്ടൂർ. 4334 ആണ് കോട്ടൂരിന്‍റെ കുറ്റവാളി നമ്പർ. സെല്ലിൽ മറ്റാരും കൂടെയില്ല. ജയിൽ അന്തേവാസികൾക്കുള്ള ഷർട്ടും മുണ്ടും തന്നെയാണ് വേഷം. അട്ടക്കുളങ്ങര വനിത ജയിലിൽ സാധാരണ അന്തേവാസികൾക്കുള്ള പരിഗണന മാത്രമാണ് സെഫിക്കുമുള്ളൂ. 15/20 ആണ് കുറ്റവാളി നമ്പർ. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാൽ ഇരുവരെയും ജയിലിലെ ജോലികളിൽ നിന്ന് ഒഴിവാക്കും. വരുമാനം ഉണ്ടായിരിക്കില്ല. എന്നാൽ കാന്‍റീന്‍ സൗകര്യമടക്കം ഉപയോഗിക്കാൻ പ്രതികൾ പണം സ്വയം കണ്ടെത്തേണ്ടി വരുമെന്ന് ജയിൽ അധികൃതർ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here