യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാരോപണം; കാസർകോട് മധ്യവയസ്‌കനെ മർദ്ദിച്ച് കൊന്നു

കാസർകോട്: യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് മർദ്ദിക്കുന്നതിനിടെ മധ്യവയസ്‌കൻ മരിച്ചു. കാസർകോട് ചെമ്മനാട് ചളിയങ്കോട് സ്വദേശി റഫീഫ് (48) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവർമാരാണ് ഇയാളെ മദ്ദിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. കുഞ്ഞിൻ്റെ ചികിത്സയ്‌ക്കായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്‌ക്കെതിയ യുവതിയെ റഫീഫ് പീഡിപ്പിക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് പ്രശ്‌നങ്ങൾ ഉണ്ടായതെന്നാണ് റിപ്പോർട്ട്.

ഇന്ന് ഉച്ചയ്‌ക്ക് രണ്ട് മണിയോടെ കാസര്‍കോട് കിംസ് അരമന ആശുപത്രിക്ക് സമീപത്ത് വെച്ചാണ് റഫീഖിന് മർദ്ദനമേൽക്കേണ്ടി വന്നത്. യുവതിയോട് മോശമായി പെരുമാറിയതിനെ തുടർന്ന് ഇയാളെ ആശുപത്രി ജീവനക്കാർ മർദ്ദിച്ചിരുന്നു. ഇവിടെ നിന്ന് രക്ഷപ്പെട്ട് പുറത്തേക്ക് ഓടുന്നതിനിടെയാണ് റഫീഖിനെ സമീപവാസികളും ഓട്ടോ ഡ്രൈവർമാരും ചേർന്ന് പിടികൂടി വീണ്ടും ക്രൂരമായി മർദ്ദിച്ചു.

ബോധരഹിതനായി വീണു കിടന്ന ഇയാളെ ഉടന്‍ തന്നെ കിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. അതേസമയം, മരണകാരണം മർദ്ദനമാണോ എന്ന് പറയാൻ കഴിയില്ലെന്ന് പോലീസ് വ്യക്തമാക്കി. യുവതിയുടെ മൊഴി രേഖപ്പെടുത്തും. കാസര്‍കോട് ഡിവൈഎസ്‌പി പി ബാലകൃഷ്ണന്‍ നായര്‍ ഉള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സിസിടിവിയടക്കം പോലീസ് പരിശോധിക്കുന്നുണ്ട്. കാസർകോട് ജനറൽ ആശുപത്രിയിലുള്ള മൃതദേഹം ഉടൻ പരിയാരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകും. ഇയാൾ നഗ്‌നതാ പ്രദര്‍ശനം നടത്തിയതായി പരാതിയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here