ഈസ്റ്റർ ദിന ഭീകരാക്രമണം: ശ്രീലങ്കന്‍ മുന്‍മന്ത്രിയെയും സഹോദരനെയും 90 ദിവസത്തേക്ക് തടങ്കലിലാക്കും

കൊളംബോ: ശ്രീലങ്കയിലെ ഈസ്റ്റർ ദിന ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുൻമന്ത്രി റിഷാദ് ബതിയുദ്ദീനെയും സഹോദരനെയും 90 ദിവസത്തേക്ക് തടവിലാക്കും. 2019 ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലെ പള്ളികളിലുണ്ടായ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് തുടരന്വേഷണത്തിനാണ് മുൻ മന്ത്രിയെയും സഹോദരൻ റിയാജ് ബതിയുദ്ദീനെയും തടവിലാക്കുന്നതെന്ന് പോലീസ് അറിയിച്ചു.

ശ്രീലങ്കയുടെ മുൻ വ്യവസായ- വാണിജ്യ വകുപ്പു മന്ത്രിയായിരുന്ന റഷീദിനെയും സഹോദരനെയും ഏപ്രില്‍ 24നാണ് അറസ്റ്റ് ചെയ്തത്. അവരുടെ ബാങ്ക് അക്കൗണ്ടുകള്‍, ചെക്ക് ഇടപാടുകള്‍, ആശയവിനിമയങ്ങള്‍ തുടങ്ങിയവ വിശദമായി പരിശോധിച്ചതിനു പിന്നാലെയാണ് അറസ്റ്റ് ചെയ്തത്’ സീനിയർ ഇൻസ്പെക്ടർ ജനറലും ശ്രീലങ്കന്‍ പോലീസ് വക്താവുമായ അജിത് രോഹാന പറഞ്ഞു.

കൊളംബോയിലെ ആഢംബര ഹോട്ടലുകളിലും മൂന്ന് പള്ളികളിലും ആക്രമണം നടത്തിയ ചാവേറുകളുമായി ഇവർക്കുള്ള ബന്ധത്തെക്കുറിച്ച് അന്വേഷിക്കുന്നതിനാണ് ഇരുവരെയും തടവിലാക്കുന്നതെന്നും പോലീസ് വക്താവ് പറഞ്ഞു. ‘ഇവരിലൊരാൾ ചാവേറുകളുമായി വളരെ അടുത്ത ബന്ധം പുലർത്തിയിരുന്നു’ രോഹാന പറഞ്ഞു.

2019 ഏപ്രില്‍ 21 ഈസ്റ്റര്‍ ദിനത്തില്‍ നടന്ന ഭീകരാക്രമണത്തില്‍ 274 പേര്‍ കൊല്ലപ്പെടുകയും 542ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കൊല്ലപ്പെട്ടവരിൽ 11 പേർ ഇന്ത്യക്കാരുമായിരുന്നു. ഈസ്റ്റർ ദിന ആക്രമണവുമായി ബന്ധപ്പെട്ട് 702 പേര്‍ കസ്റ്റഡിയില്‍ ഉണ്ടെന്നും ഇതില്‍ 202 പേരെ റിമാന്‍ഡ് ചെയ്തിട്ടുണ്ടെന്നും അജിത് രോഹാന പറഞ്ഞു. അതേസമയം റഷീദിന്‍റെയും സഹോദരന്‍റെയും അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകര്‍ ആരോപിച്ചു. രാജ്യത്തെ പ്രധാന പ്രതിപക്ഷത്തിന്‍റെ സഖ്യകക്ഷി നേതാവാണ് അറസ്റ്റിലായ റിഷാദ് ബതിയുദ്ദീൻ.

LEAVE A REPLY

Please enter your comment!
Please enter your name here