കോട്ടയം: പീഡനക്കേസില്‍ ജലന്തര്‍ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കി കോട്ടയം ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതി. മിഷനറീസ് ഓഫ് ജീസസ് സന്യാസ സഭാംഗവും കുറവിലങ്ങാട് നാടുകുന്ന് സെന്റ് ഫ്രാന്‍സിസ് മിഷന്‍ ഹോമിലെ അന്തേവാസിയുമായ കന്യാസ്ത്രീ നല്‍കിയ പരാതിയിലാണു കുറവിലങ്ങാട് പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്. 2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ഡോ. ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. പ്രോസിക്യൂഷനു വേണ്ടി സ്പെഷല്‍ പ്രോസിക്യൂട്ടര്‍ ജിതേഷ് ജെ.ബാബുവും സുബിന്‍ കെ. വര്‍ഗീസും പ്രതിഭാഗത്തിനു വേണ്ടി അഭിഭാഷകരായ കെ.രാമന്‍പിള്ള, സി.എസ്.അജയന്‍ എന്നിവരും ഹാജരായി. ജഡ്ജി ജി.ഗോപകുമാറാണ് കേസ് പരിഗണിച്ചത്.

കോടതി വിധി ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലെന്നു കേസന്വേഷണത്തിനു മേല്‍നോട്ടം നല്‍കിയ കോട്ടയം മുന്‍ ജില്ലാ പോലീസ് മേധാവി എസ്. ഹരിശങ്കര്‍ പ്രതികരിച്ചു. ഇന്ത്യയില്‍ത്തന്നെ വേറിട്ടു നില്‍ക്കുന്ന വളരെ അസാധാരണമായ കോടതി വിധിയാണിതെന്നും ഇതിനെതിരെ അപ്പീല്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. സാക്ഷിമൊഴികള്‍ എല്ലാം ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് അനുകൂലമായതാണ് കോടതിവിധിയില്‍ നിര്‍ണായകമായതെന്നാണ് പ്രതിഭാഗം അഭിഭാഷകന്‍ സി.എസ്.അജയന്റെ പ്രതികരണം. വിചാരണക്കിടെ ഒരു സാക്ഷി പോലും കൂറുമാറിയില്ല. പീഡനവിവരങ്ങള്‍ പങ്കുവച്ചെന്നു പരാതിക്കാരി അവകാശപ്പെട്ടവരെല്ലാം കോടതിയില്‍ ഇതു നിഷേധിച്ചു. ഒരു ചാനല്‍ അഭിമുഖം ബിഷപ് ഫ്രാങ്കോയ്ക്ക് അനുകൂലമായ നിര്‍ണായക തെളിവായതായും അഭിഭാഷകന്‍ പറഞ്ഞു. ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പരാതി കെട്ടിച്ചമച്ചതാണെന്ന് അഡ്വ. കെ. രാമന്‍പിള്ളയും പറഞ്ഞു. ബിഷപ്പിനെതിരെ ഒരു തെളിവുപോലും സമര്‍പ്പിക്കാന്‍ പ്രോസിക്യൂഷനു സാധിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here