തിരുവനന്തപുരം: മാധ്യമ പ്രവര്ത്തകന് കെ.എം.ബഷീര്‍ വാഹന അപകടത്തില്‍ കൊല്ലപ്പെട്ട കേസില്‍ പൊലീസ് തെളിവായി നല്കിയ സിസിടി ദൃശ്യങ്ങള്‍ പ്രതിക്ക് നല്‍കുന്നതിനെ എതിര്‍ത്ത് പ്രോസിക്യൂഷന്. തെളിവായി പോലീസ് നല്കിയ രണ്ട് സിഡികളുടെ പകര്‍പ്പ് നല്‍കണമെന്നാണ് പ്രതി ആവശ്യപ്പെട്ടത്. ഈ രേഖകള്‍ ഹാജരാക്കാന്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി പ്രോസിക്യൂഷനോട് നിര്‍ദേശിച്ചിരുന്നു. ദൃശ്യങ്ങള്‍ നേരിട്ട് പ്രതിക്ക് നല്‍കാനുള്ള നിയമസാധുതയില്ലെന്ന് പ്രോസിക്യൂഷന് വാദിച്ചു. ദൃശ്യങ്ങള്‍ നല്കുന്ന കാര്യത്തില്‍ ഡിസംബര്‍ 30ന് കോടതി അന്തിമവിധി പുറപ്പെടുവിക്കും.
കവടിയാര്‍-മ്യൂസിയം റോഡിലെ ദൃശ്യങ്ങളാണ് ശ്രീറാമിന് പരിശോധനയ്ക്കായി നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നത്. കേസില്‍ നേരത്തെ മൂന്ന് തവണ ഹാജരാകാതിരുന്ന ശ്രീറാം വെങ്കിട്ടരാമന് കോടതി അന്ത്യശാസനം നല്‍കിയിരുന്നു. തുടര്‍ന്ന് കോടതിയില്‍ ഹാജരായ ശ്രീറാം കുറ്റപത്രം വായിച്ച് കേട്ടിരുന്നു. പിന്നീട് ശ്രീറാമിന് കോടതി ജാമ്യം നല്‍കിയിരുന്നു.