ബെംഗളൂരൂ | ബ്രഹ്മപുരം മാലിന്യ സംസ്കരണ കരാറിൽ മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറി എം.ശിവശങ്കറിനു പങ്കുണ്ടെന്ന് സ്വർണ്ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ്. അതിനാലാണ് വിഷയത്തിൽ മുഖ്യമന്ത്രി മൗനം തുടരുന്നതെന്ന് സ്വപ്ന ഫേസ് ബുക്കിലൂടെ ആരോപിച്ചു.
‘‘ബഹുമാനപ്പെട്ട മുഖ്യമന്ത്രി 12 ദിവസത്തെ മൗനം വെടിഞ്ഞിരിക്കുന്നു. കരാർ കമ്പനിക്കു നൽകിയ മൊബിലൈസേഷൻ അഡ്വാൻസ് തിരിച്ചുവാങ്ങി, ബ്രഹ്മപുരത്ത് തീ അണയ്ക്കാൻ ശ്രമിച്ച സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്കു നൽകണമെന്നു മുഖ്യമന്ത്രിയോട് അഭ്യർഥിക്കുന്നു. ബഹുമാനപ്പെട്ട മുഖ്യമന്ത്രി, നിയമസഭയിൽ ഈ വിഷയത്തിൽ താങ്കൾ പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്ന് എനിക്ക് വ്യക്തിപരമായി അറിയാം. നിങ്ങളുടെ വലംകൈ (ശിവശങ്കർ) ആശുപത്രിയിൽ ആയതുകൊണ്ടാകാം. ഞാൻ എന്തിനാണ് ഈ വിഷയത്തിൽ സംസാരിക്കുന്നതെന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാകും, കാരണം, ഞാനും കൊച്ചിയിൽ താമസിച്ചു, നിങ്ങൾ കാരണം ബെംഗളൂരുവിലേക്കു രക്ഷപ്പെടേണ്ടിവന്നു, പക്ഷേ ഇതുവരെ മരിച്ചിട്ടില്ല.’’– സ്വപ്ന സുരേഷ് പറയുന്നു.