കുപ്രസിദ്ധ ആയുധ വ്യാപാരിയെ പകരം നൽകി ബാസ്കറ്റ്ബോൾ സൂപ്പർ താരത്തെ അമേരിക്ക മോചിപ്പിച്ചു

വാഷിങ്ടൻ | റഷ്യയിൽ തടവിലായിരുന്ന ബാസ്‌കറ്റ്‌ബോൾ സൂപ്പർതാരം ബ്രിട്‌നി ഗ്രൈനറെ അമേരിക്ക മോചിപ്പിച്ചു. അമേരിക്കയിൽ തടവിലായിരുന്ന കുപ്രസിദ്ധ ആയുധ വ്യാപാരി വിക്ടർ ബൗട്ടിനെ പകരമായി റഷ്യയ്ക്ക് കൈമാറി.

യുക്രെയ്ൻ സംഘർഷത്തെ തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമായിരുന്നു. ഉന്നത തലത്തിലുള്ള ചർച്ചയ്ക്കൊടുവിലാണ് മോചനം സാധ്യമാക്കിയത്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ റഷ്യയുടെ വിദേശകാര്യമന്ത്രി സെർഗെയ് ലവ്‌റോവിനെ നേരിട്ടു വിളിച്ച് ബ്രിട്‌നിയുടെ മോചനത്തിനു വഴിയൊരുക്കിയത്. രണ്ടു തവണ ഒളിംപിക് സ്വർണ മെഡൽ നേടിയ യുഎസ് ടീം അംഗവും വനിതാ ദേശീയ ബാസ്‌കറ്റ്‌ബോൾ അസോസിയേഷന്റെ ഫീനിക്‌സ് മെർക്കുറി ടീമിലെ സൂപ്പർ താരവുമാണ് ബ്രിട്‌നി. ഇരുവരെയും ദുബായിൽ എത്തിച്ചാണ് പരസ്പരം കൈമാറിയത്.

ലഹരിപദാർഥം കൈവശം വച്ചതിന് റഷ്യൻ അധികൃതർ ഫെബ്രുവരി 17ന് മോസ്‌കോ വിമാനത്താവളത്തിൽ നിന്നാണ് ബ്രിട്‌നിയെ അറസ്റ്റുചെയ്തു. അബദ്ധത്തിൽ സംഭവിച്ചതാണെന്ന ബ്രിട്‌നിയുടെ വാദം തള്ളി റഷ്യൻ കോടതി ഒമ്പത് വർഷം തടവിന് ശിക്ഷിച്ചു. അവരെ മോചിപ്പിക്കുന്നതിന് ആരാധകരുടെ മുറവിളി ശക്തമായതോടെ യുഎസ് ഭരണകൂടം ഉന്നതതല ഇടപെടൽ നടത്തിയത്.

ബ്രിട്‌നിയുടെ മോചനത്തിന് പകരമായി റഷ്യ മുന്നോട്ട് വെച്ചത് ബൗട്ടിന്റെ കൈമാറ്റമായിരുന്നു. യുഎസിൽ ദശലക്ഷക്കണക്കിന് ഡോളറിന്റെ ആയുധങ്ങൾ അനധികൃതമായി വിറ്റ മുൻ റഷ്യൻ സൈനികനാണ് ‘മരണ വ്യാപാരി’യെന്ന പേരിൽ ലോകരാജ്യങ്ങൾ തേടുന്ന വിക്ടർ ബൗട്ട് എന്ന ആയുധ കച്ചവടക്കാരൻ. ബൗട്ട് നിരപരാധിയാണെന്നും ശിക്ഷ അനീതിയാണെന്നുമായിരുന്നു റഷ്യയുടെ നിലപാട്. 2008 ൽ തായ്‌ലൻഡിൽ വച്ചാണ് യുഎസ് അധികൃതർ പിടികൂടിയത്. 2012 ൽ യുഎസ് കോടതി ബൗട്ടിന് 25 വർഷം ജയിൽശിക്ഷ വിധിച്ചു. ബൗട്ടിന്റെ ജീവചരിത്രം ആസ്പദമാക്കി നിർമ്മിച്ച ‘ലോർഡ് ഓഫ് വാർ’ എന്ന ഹോളിവുഡ് ചിത്രം സുപ്പർഹിറ്റായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here