കോഴിക്കോട് | കണ്ണൂരിലേക്ക് ഓടിക്കൊണ്ടിരുന്ന ആലപ്പുഴ കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് യാത്രക്കാരുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി. സ്ത്രീകള്‍ ഉള്‍പ്പെടെ ഒമ്പതു പേര്‍ക്കു പൊള്ളലേറ്റു. രക്ഷപെടാനായി ചാടിയതെന്ന് അനുമാനിക്കുന്ന മൂന്നു പേരുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ നിന്നു കണ്ടെത്തി.
ഞായറാഴ്ച രാത്രി ഒമ്പതോടെ ഏലത്തൂര്‍ റെയിവേ സ്‌റ്റേഷന്‍ പിന്നിട്ടപ്പോഴാണ് അജ്ഞാതന്റെ ആക്രമണം ഉണ്ടായത്. ചാലിയം സ്വദേശികളായ ഷുഹൈബ് ജസീല ദമ്പതികളുടെ രണ്ടുവയസുകാരി മകള്‍ ഷഹ്‌റാമത്ത്, സജീലയുടെ സഹോദരി മട്ടന്നൂര്‍ പാലോട്ടുപള്ളി ബദ്‌റിയ മന്‍സിലില്‍ റഹ്‌മത്ത് (45) എന്നിവരാണ് മരണപ്പെട്ടത്. മൂന്നാമത്തെ ആളെ തിരിച്ചറിഞ്ഞിട്ടില്ല.
ഡി 1 ബോഗിയിലെത്തിയ അജ്ഞാതന്‍ കുപ്പിയില്‍ കൊണ്ടുവന്ന പെട്രോള്‍ യാത്രക്കാരുടെ മേല്‍ ഒഴിച്ചശേഷം തീയിടുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. യാത്രക്കാര്‍ ചങ്ങല വലിച്ചതിനെ തുടര്‍ന്ന് തീവണ്ടി കോരപ്പുഴ പാലത്തിനു മുകളിലാണ് നിന്നത്. പാലത്തിനും ഏലത്തൂര്‍ സ്‌റ്റേഷനും ഇടയില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അക്രമിയുടേതെന്നു സംശയിക്കുന്ന ഒരു ബാഗും ഈ ഭാഗത്തു നിന്നു കണ്ടെത്തി.
സംഭവത്തിനു പിന്നാലെ ഇരുചക്രവാഹനത്തില്‍ അക്രമിയെന്നു സംശയിക്കുന്ന ഒരാള്‍ രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചിട്ടുണ്ട്.